
ഒട്ടാവ: ശക്തി മാത്രമല്ല, നിശ്ചയദാർഢ്യം കൂടിയാണ് റോറി വാനെന്ന ഏഴ് വയസുകാരി മിടുക്കിയെ ലോകപ്രശസ്തയാക്കിയത്. കാനഡയിലെ ഒട്ടാവ സ്വദേശികളായ കവാൻ വാൻ -ലിൻഡ്‌സേ ദമ്പതികളുടെ മകളായ റോറി വെയ്റ്റ്ലിഫ്റ്റിംഗിൽ ആളൊരു പുലിയാണ്. നാലടി മാത്രം ഉയരമുള്ള റോറി വെയ്റ്റ് ലിഫ്റ്റിംഗിന്റെ ഭാഗമായി 80 കിലോ വരെ നിസാരമായി എടുത്തു പൊക്കാറുണ്ട്. നേരത്തെ അമേരിക്കയിൽ നടന്ന അണ്ടർ 11,13 കാറ്റഗറി മത്സരങ്ങളിൽ വിജയിച്ച റോറി യൂത്ത് നാഷണൽ ചാമ്പ്യനുമായിരുന്നു.
മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കി. ആഴ്ച്ചയിൽ ഒമ്പതുമണിക്കൂർ ജിംനാസ്റ്റിക്‌സ് പരിശീലനത്തിനും നാലു മണിക്കൂർ വെയ്റ്റിലിഫ്റ്റിംഗിനുമായി റോറി മാറ്റിവയ്ക്കാറുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് റോറിയുടെ പരിശീലനം. വെയിറ്റ് ലിഫ്റ്റിംഗ്, ജിംനാസ്റ്റിക്‌സ് എന്നിവയിലെ പ്രമുഖരായ കോച്ചുമാരുടെ കീഴിലാണ് പരിശീലനം. കൂടാതെ സ്‌പോർട്‌സ് മെഡിസിന്‍ ഡോക്ടർമാരുടെ സേവനവും തേടുന്നുണ്ട്. ഞാൻ ഇനിയും കൂടുതൽ ശക്തയാകാനാണ് ശ്രമിക്കുന്നത്. മുമ്പ് സംഭവിച്ചതിനെക്കുറിച്ചോ വരാനിരിക്കുന്നതിനെക്കുറിച്ചോ ഞാൻ ചിന്തിക്കുന്നില്ല. കൂടുതൽ റെക്കോഡുകൾ സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം - ആത്മവിശ്വാസത്തോടെ റോറി പറഞ്ഞു നിറുത്തി.