
ജയ്‌പൂർ: രാജസ്ഥാനിൽ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ കൂട്ട ശിശുമരണം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാല് ദിവസം വരെ പ്രായമുള്ള ഒമ്പത് ശിശുക്കൾ മരിച്ചെന്നാണ് റിപ്പോർട്ട്.
കോട്ട ജെ.കെ ലോൺ മെഡിക്കൽ കോളേജിലാണ് സംഭവം. കഴിഞ്ഞ വർഷവും ഇതേ ആശുപത്രിയിൽ ഒരുമാസത്തിനിടെ നൂറോളം നവജാതശിശുക്കൾ മരിച്ചിരുന്നു.
അഞ്ച് കുഞ്ഞുങ്ങൾ ബുധനാഴ്ചയും നാല് കുഞ്ഞുങ്ങൾ വ്യാഴാഴ്ചയുമാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ഒമ്പത് കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങൾ രംഗത്തെത്തി. ആശുപത്രിയിലെ ജീവനക്കാരോ ഡോക്ടർമാരോ തങ്ങളുടെ കുട്ടികളെ പരിചരിച്ചില്ലെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇവർ ആശുപത്രി പരിസരത്ത് ധർണ ആരംഭിച്ചു.
എന്നാൽ ശിശുക്കളുടെ മരണത്തിന് പിന്നിൽ അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും സ്വാഭാവിക മരണമാണെന്നും ആശുപത്രി സൂപ്രണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആശുപത്രിയിൽ എത്തിയപ്പോൾ മൂന്ന് ശിശുക്കൾ മരിച്ചിരുന്നതായും മറ്റ് മൂന്ന് പേർക്ക് ജനനം മുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ബാക്കി മൂന്ന് കുഞ്ഞുങ്ങളുടേത് അസാധാരണമോ കഠിനമോ ആയ അണുബാധകളില്ലാത്ത സ്വാഭാവിക മരണങ്ങളാണെന്നുമാണ് അധികൃതർ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് അധികൃതരും ഡിവിഷണൽ കമ്മിഷണറും ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിൽ അധികമായി ആറ് ഡോക്ടർമാരെയും പത്ത് നേഴ്സുമാരെയും ഉടൻ നിയോഗിക്കാൻ ഡിവിഷണൽ ഓഫീസർ നിർദേശിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.
 കോട്ടയിലെ ശിശു മരണത്തിൽ അടിയന്തരമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൽ നിന്നും സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് തേടി. ഡോക്ടർമാരുടെ അശ്രദ്ധമൂലം ഒരു കുട്ടിയും മരിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
- ആരോഗ്യമന്ത്രി രഘുശർമ്മ