
ലണ്ടൻ: ലോകപ്രശസ്ത ബ്രിട്ടീഷ് നടി ബാർബറ വിൻഡ്സർ (83) അന്തരിച്ചു. അൽഷിമേഴ്സ് ബാധിതയായിരുന്നു. ക്യാരി ഓൺ ഫിലിം സീരിസിലൂടെയാണ് ബാർബറ ലോകപ്രശസ്തയായത്. പത്തോളം ക്യാരി ഓൺ സിനിമകളുടെ ഭാഗമായിരുന്നു ബാർബറ.
1954ൽ ഇറങ്ങിയ ദ ബെല്ലിസ് ഒഫ് സെന്റ് ട്രിനിയൻസ് എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് ബാർബറ അഭിനയ ജീവിതം ആരംഭിക്കുന്നത്. നിരവധി ടെലിവിഷൻ സീരിസുകളിലും വേഷമിട്ടു. ഡോക്ടർ ഹൂ, ഈസ്റ്റ്എൻഡേഴ്സ് എന്നീ സീരിസുകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 2017ൽ ഇറങ്ങിയ ടെലിവിഷൻ സിനിമയായ ബാബ്സിലാണ് അവസാനമായി അഭിനയിച്ചത്.
മൂന്ന് തവണ വിവാഹിതയായിരുന്നു. 2000ത്തിൽ തന്നേക്കാൾ 26 വയസിന് ഇളയതായ സ്കോട്ട് മിച്ചലിനെ വിവാഹം ചെയ്തു. മക്കളില്ല.