
സോൾ: വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും വരച്ചു കാട്ടലായിരുന്നു കിം കി ഡുക്കിന്റെ ചിത്രങ്ങൾ. ദക്ഷിണ കൊറിയൻ സിനിമയെ അന്താരാഷ്ട്ര തലത്തിൽ ഉന്നതിയിൽ എത്തിക്കാൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറെ സഹായിച്ചിരുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് കേരളയാണ് കിമ്മിന്റെ സിനിമകളെ മലയാളികൾക്കിടയിൽ പ്രശസ്തമാക്കിയത്.
നിശബ്ദദയും വയലൻസും ലൈംഗികതയുടെ അതിപ്രസരവും കിമ്മിന്റെ ചിത്രങ്ങളിൽ നിറഞ്ഞു നിന്നു. കണ്ടിരിക്കാൻ ബുദ്ധിമുട്ടുള്ള രംഗങ്ങൾ വരെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ടായിരുന്നു. അക്രമിയായ ചലച്ചിത്രകാരൻ എന്ന് വരെ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. ആരും ചർച്ച ചെയ്യാത്ത വ്യത്യസ്തമായ വിഷയങ്ങളായിരുന്നു അദ്ദേഹം മിക്ക സിനിമകളിലും ചർച്ച ചെയ്തിരുന്നത്.
പാരിസിലെ ഫൈൻ ആർട്സ് പഠനമാണ് കിമ്മിന്റെ ഉള്ളിലുള്ള ചലച്ചിത്രകാരനെ ഉണർത്തിയത്. 1996ൽ ക്രൊക്കഡൈലിലൂടെ ആരംഭിച്ച സിനിമ ജീവിതം എത്തിനിൽക്കുന്നത് 2019ൽ പുറത്തിറങ്ങിയ ഡിസോൾവിലാണ്.
2007ൽ പുറത്തിറങ്ങിയ ഡ്രീം എന്ന ചിത്രമാണ് കിമ്മിന് ലോകശ്രദ്ധ നേടികൊടുത്തത്. പിന്നീടിങ്ങോട്ട് കിമ്മിന്റെ ചിത്രങ്ങൾ സിനിമ പ്രേമികൾ തിരഞ്ഞ് പിടിച്ച് കാണാൻ തുടങ്ങി. സമരിത്തൻ ഗേളും, 3 - അയണും, പിയത്തയും വൺ ഓൺ വണും മൊബിയസുമെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലടക്കമുള്ള നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടു. പുരസ്കാരങ്ങളും സ്വന്തമാക്കി. കിം വിടവാങ്ങുന്നതോടെ കൊറിയൻ സിനിമ ചരിത്രത്തിലെ തന്നെ സുവർണ നാളുകളാണ് ഇല്ലാതാകുന്നത്.