
ചെന്നൈ ടി നഗർ പോണ്ടി ബസാറിലെ എം.ജി.ആർ സ്മാരകം.അല്പനേരം നിന്ന് അവിടെ വരുന്നവരെ നിരീക്ഷിച്ചാൽവികാരഭരിതമായ കാഴ്ചയാണ് കാണാൻ കഴിയുക.അയ്യാ എന്ന് അലമുറയിട്ട് കരയുന്നവർ.ദുഖം അടക്കാനാവാതെ വിതുമ്പുന്നവർ .തമിഴ് മക്കളുടെ മനസിൽ ഇന്നും പാലക്കാട്ടുകാരനായ എം.ജി.രാമചന്ദ്രൻ എന്ന മലയാളി വീരപുരുഷനാണ്.ആ ലെഗസി പിന്തുടരാൻ മോഹിക്കുന്നരജനീകാന്തിന് തമിഴകം എം.ജി.ആറിന് നൽകിയ അൻപ് അഥവാ സ്നേഹം ലഭിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
അണ്ണാദുരൈയുടെ
പിന്തുണ
എം.ജി.ആറിന്റെ പിൻബലം സി.എൻ.അണ്ണാദുരൈയും ഡി.എം.കെയുമായിരുന്നു.മികച്ച സംഘടനാ സംവിധാനത്തിലേക്കാണ് എം.ജി.ആർ രാഷ്ട്രീയ രംഗപ്രവേശം ചെയ്തത്.ആരാദ്ധ്യപുരുഷനായ താരം രാഷ്ട്രീയത്തിൽ വന്നപ്പോൾ തമിഴ് മക്കൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.എം.ജി.ആർ ഏഴൈത്തോഴനായി അറിയപ്പെട്ടു.കരുണാനിധിയുടെ കനപ്പെട്ട ഡയലോഗുകളും എം.ജി.ആറിലെ താരത്തെ വളർത്തി. എം.ജി.ആറിന്റെ ജനപ്രീതി തനിക്കു വെല്ലുവിളിയാകുമെന്നറിഞ്ഞപ്പോഴാണ് കരുണാനിധി തെറ്റിയത്.അണ്ണാദുരൈ മരിച്ച് മൂന്നുവർഷമായപ്പോൾ എം.ജി.ആർ പാർടി പിളർത്തി.എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചു. 1977 മുതൽ ഇടയ്ക്ക് രാഷ്ട്രപതി ഭരണം വന്ന ചെറിയ ഒരു ഇടവേള ഒഴിച്ച് മരണം വരെ (1987 ) മുഖ്യമന്ത്രിയായി തമിഴകം ഭരിച്ചു.മക്കൾ തിലകം എന്നറിയപ്പെട്ട എം.ജി.ആറായിരുന്നു ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ ആദ്യ ചലച്ചിത്രതാരം.
ജയലളിതയുടെ കരുത്ത്
എം.ജി.ആർ
എം.ജി.ആറിന്റെ പ്രിയങ്കരിയായ പിൻഗാമി എന്ന മേൽവിലാസമാണ് ജയലളിതയെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത്. എം.ജി.ആർ ആരംഭിച്ച എ.ഐ.എ.ഡി.എം.കെയെ ജയലളിത കൈപ്പിടിയിലൊതുക്കി. അസാമാന്യമായ ഇച്ഛാശക്തിയുള്ള നേതാവായിരുന്നു അവർ.ഒപ്പം പ്രവർത്തിക്കുന്ന നേതാക്കളെപ്പോലും വരച്ചവരയിൽ നിറുത്തി.
രജനിയുടെ പോരായ്മ
ശക്തമായ രാഷ്ട്രീയ പിൻബലം അവകാശപ്പെടാനില്ലെന്നതാണ് രജനീകാന്തിന്റെ ഏറ്റവും വലിയ പോരായ്മ. സംഘടനാ സംവിധാനവുമില്ല.ഇനി ഉണ്ടാക്കേണ്ടിയിരിക്കുന്നു.ജാതി സമവാക്യങ്ങൾ ശക്തമായ തമിഴകത്ത് കർണാടകക്കാരനായ രജനീകാന്തിന് വേരുകൾ പടർത്തുക എളുപ്പമായിരിക്കുമോ? ദ്രാവിഡ രാഷ്ട്രീയമാണ് ഇക്കാലമത്രയും തമിഴകം നിയന്ത്രിച്ചത്.അതിൽ നിന്നുമാറി പുതിയൊരു രാഷ്ട്രീയധാര പടുത്തുയർത്താനുള്ള ശ്രമം നടത്തുന്നത് ബി.ജെ.പിയാണ്.അതിനൊപ്പം രജനീകാന്ത് ചേരുമോയെന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്.ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ കൂട്ടാക്കിയില്ലെങ്കിലും ആർ.എസ്.എസ് തിങ്ക് ടാങ്ക് അഥാവ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന ഗുരുമൂർത്തി രജനിയെ പലവട്ടം കണ്ടിരുന്നു. ബി.ജെ.പി രജനി ബന്ധം പുറത്തുവന്നാൽ അതിനോട് എ.ഐ.എ.ഡി.എം.കെ എങ്ങനെ പ്രതികരിക്കും? ബി.ജെ.പി ഇപ്പോൾ എ.ഐ.എ.ഡി.എം.കെ മുന്നണിയിലാണ്. സ്വന്തം സീറ്റുകൾ വിട്ടുകൊടുത്തുള്ള ഒരു സഖ്യത്തിന് എ.ഐ.എ.ഡി.എം.കെ തയ്യാറാകുമോ? തുടങ്ങി കുഴഞ്ഞു മറിഞ്ഞ ഒട്ടേറെ പ്രശ്നങ്ങൾ
രജനീകാന്തിനെ തുറിച്ച് നോക്കുന്നുണ്ട്.മറ്റൊന്ന് അദ്ദേഹത്തിന്റെ പ്രായവും രോഗവുമാണ്.ഇന്ന് രജനിക്ക് 70 വയസ് തികയുകയാണ് .വിവിധ രോഗങ്ങൾ സ്റ്റൈൽമന്നനെ തളർത്തിയിരിക്കുന്നു.
രജനിയുടെ നേട്ടം
വിപുലമായ ആരാധകവൃന്ദമാണ് രജനിയുടെ പ്ളസ് പോയിന്റ്.ആരാധകരിൽ യുവതലമുറക്കാർ കുറേ വിജയ് യുടെ ആരാധകരായി മാറിയിട്ടുണ്ടെങ്കിലും രജനിക്ക് തമിഴകത്ത് എവിടെയും ആരാധകരുണ്ട്.കരുണാനിധിയുടെയും ജയലളിതയുടെയും അഭാവത്തിൽ രജനിയോളം തലയെടുപ്പുള്ള മറ്റൊരു നേതാവില്ല.ഇതൊക്കെ രജനീകാന്തിന്റെ പ്ളസ് പോയിന്റുകളാണ്.
ഡിസംബർ 31 ന് പാർട്ടി എന്നു പ്രഖ്യാപിക്കുമെന്ന തീയതി വെളിപ്പെടുത്തുമെന്നാണ് രജനി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.മിക്കവാറും ജനുവരിയിൽ പൊങ്കലിനാകും ആ പ്രഖ്യാപനം ഉണ്ടാവുക. പാർട്ടി പ്രഖ്യാപിച്ച് രംഗത്തിറങ്ങുന്നതുവരെ രജനിയുടെ വാക്കുകളെ കണ്ണുമടച്ച് വിശ്വസിക്കാനാവുകയില്ല. പക്ഷേ ഇപ്പോൾ വന്നില്ലെങ്കിൽ പിന്നെ എപ്പോൾ വരാനാണെന്നും രജനി തന്നെയാണ് ചോദിക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയം
തമിഴകത്തെ രാഷ്ട്രീയം കോൺഗ്രസിനെ വിട്ടതുമുതൽ ഇക്കാലമത്രയും നിയന്ത്രിച്ചത് ദ്രാവിഡ രാഷ്ട്രീയമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ തകർപ്പൻ ജയം എം.കെ.സ്റ്റാലിനും ഡി.എം.കെയ്ക്കും വലിയ പ്രതീക്ഷ പകരുന്നു.എന്നാൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ കാലയളവിൽ ഭരണത്തിലൂടെ നേടിയെടുത്ത ജനപിന്തുണ പൂർണമായും തള്ളിക്കളയാനാവില്ല. ഇരുമുന്നണികളിലും ഇടഞ്ഞു നിൽക്കുന്നവരിലാണ് രജനീകാന്ത് കണ്ണുവയ്ക്കുന്നത്.എങ്കിലും ഒറ്റയ്ക്ക് പാർടിയുണ്ടാക്കി അധികാരത്തിൽ കയറാനുള്ള ജനപിന്തുണ രജനിക്ക് ലഭിക്കുമോ? അതോ ഏതെങ്കിലും മുന്നണിയുടെ ഭാഗമാവുമോ? അതോ അധികാരത്തെ നിയന്ത്രിക്കാവുന്നത്ര എം.എൽ.എ മാരുടെ പിന്തുണയുള്ള നിർണായക കക്ഷിയാകുമോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാകുന്നു. മേയ് മാസം തമിഴകത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏവർക്കും അഗ്നി പരീക്ഷയായിരിക്കുമെന്നതിൽ സംശയമില്ല.