
പ്രയാഗ്‌രാജ്: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെന്നും അത് രാഷ്ട്രീയ പാർട്ടികളുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. ഗോരഖ്പൂർ സ്വദേശിയായ കാളിശങ്കറിന്റെ പൊതുതാത്പര്യ ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് മറുപടി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് പീയൂഷ് അഗർവാളും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ജനുവരി 12ന് ഹർജിയിൽ വാദം കേൾക്കും. രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.