
ലോകത്തെവിടെ ചെന്നാലും ചായയുടെ തട്ട് താണിരിക്കും. ചായയുടെ ഫാനാണ് മിക്കവരും. ബിസ്ക്കറ്റ് തന്നെ ചായക്കൊപ്പം മുക്കി കഴിക്കാനാണ് നമ്മൾക്കിഷ്ടം. ചായ - ബിസ്കറ്റ് കോംബോയുടെ കട്ട ഫാനുകൾക്കായുള്ള ഒരു എക്സ്ക്ലൂസീവ് കട തമിഴ്നാട്ടിലെ മധുരയിലുണ്ട്.
' ആർ എസ് പതി നീൽഗിരി ' എന്ന ചായക്കടയാണത്. ഒരു കുഞ്ഞൻ കപ്പിലാണ് ഇവിടുത്തെ ചായ. വലിപ്പം ചെറുതാണെങ്കിലും കുഞ്ഞൻ കപ്പ് നിങ്ങൾ കരുതുന്ന ആളല്ല. ചോക്ലേറ്റ് ഫ്ലേവറിലുള്ള ബിസ്കറ്റ് കപ്പാണ് ഇത്. അതായത്, ചായ കുടിച്ചു കഴിഞ്ഞ ശേഷം ഈ ചോക്ലേറ്റ് ബിസ്കറ്റ് കപ്പും നമുക്ക് അകത്താക്കാം. കോൺ ഐസ്ക്രീമിൽ എങ്ങനെയാണോ അതു പോലെ.! ചായയും കുടിക്കാം ബിസ്കറ്റും കഴിക്കാം. ഉഗ്രൻ ടേസ്റ്റ് മാത്രമല്ല, ഇതുകൊണ്ട് കടയുടമയ്ക്ക് പ്ലാസ്റ്റിക് കപ്പുകളെയും മറ്റും ഒഴിവാക്കി ' ഗോ ഗ്രീൻ ' ആവുകയും ചെയ്യാം.
1909 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആർ എസ് പതി നീൽഗിരി ടീ സ്റ്റോൾ. പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ കടയുടെ ഇപ്പോഴത്തെ ഉടമ വിവേക് സബാപതിയാണ് ഇത്തരമൊരു നൂതന ആശയം മുന്നോട്ട് വച്ചത്. ബിസ്കറ്റ് കപ്പിനും ചായയ്ക്കും കൂടി 20 രൂപയാണ് വില.
കഴിഞ്ഞ ജൂലായ് മാസത്തിലാണ് ബിസ്കപ്പ് കപ്പിലെ ചായ ആദ്യമായി ഈ കടയിൽ അവതരിപ്പിച്ചത്. 60 ml ചായയാണ് ഈ കപ്പിൽ ഉൾക്കൊള്ളുന്നത്. കൊവിഡ് പശ്ചാത്തലം മാറുന്നതോടെ കൂടുതൽ ഫ്ലേവറുകളിലുള്ള ബിസ്കറ്റ് കപ്പുകൾ ഇറക്കാനുള്ള പദ്ധതിയിലാണ് കടയുടമകൾ. മധുരയിൽ മാത്രമല്ല, നമ്മുടെ കേരളത്തിലും ഇപ്പോൾ ബിസ്കറ്റ് കപ്പ് ചായ ട്രെൻഡായിരിക്കുകയാണ്.