
കൊൽക്കത്ത: കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ അപകടാവസ്ഥ തരണം ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഏഴംഗ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിൽ പുരോഗതിയുണ്ട്. ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വസനനില, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവ സാധാരണനിലയിലാണ്. എങ്കിലും വെന്റിലേറ്റർ സഹായം നൽകുന്നുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. 76കാരനായ ഭട്ടാചാര്യയെ കഴിഞ്ഞയാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 2018ൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗത്വം ഉപേക്ഷിച്ചിരുന്നു.