
പേടിയോടെ കൊവിഡ് രോഗപരിശോധന നടത്താനെത്തി നടി അനുമോൾ. ലോക്ക്ഡൗണിന് ശേഷം മലയാള സിനിമാ രംഗം വീണ്ടും സജീവമായ സാഹചര്യത്തിൽ തന്റെ പുതിയ ചിത്രത്തിനായുള്ള ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപാണ് നടി രോഗപരിശോധന നടത്താനായി എത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അനുമോൾ തന്നെയാണ് തന്റെ യൂട്യൂബ് ചാനൽ വഴി അപ്പ്ലോഡ് ചെയ്തത്. ടെസ്റ്റ് നടത്താനായി ഏറെ ഭയത്തോടെയാണ് താൻ ചെല്ലുന്നതെന്നും നടി വീഡിയോയിലൂടെ പറയുന്നുണ്ട്.
'തലവേദന, നെഞ്ചുവേദന, തൊണ്ടവേദന, കൈയ്യും കാലും വേദന, എനിക്ക് എല്ലാടവും വേദനിക്കുന്നു...പല്ല് വരെ വേദനിക്കുന്നു പേടിച്ചിട്ട്... ടെസ്റ്റിന് പോകാം എന്തായാലും...'-അനുമോൾ തന്റെ ഭയത്തെ കുറിച്ച് പറഞ്ഞു. ശേഷം ടെസ്റ്റ് കഴിഞ്ഞ് 'കണ്ണ് നിറഞ്ഞ്' വന്ന അനുമോൾ 'ഞാൻ സത്യമായിട്ടും കരഞ്ഞതല്ലാട്ടോ' എന്ന് തന്റെ ആരാധകരോട് പറയുന്നതും വീഡിയോയിൽ കാണാം. ടെസ്റ്റ് നടത്തുമ്പോൾ അസ്വസ്ഥതയാണ് ഉണ്ടാകുന്നതെന്നും വേദന അല്ലെന്നും നടി വിശദീകരിക്കുന്നുമുണ്ട്.
എന്നാലും ടെസ്റ്റ് നടത്താൻ തനിക്ക് എപ്പോഴും പേടി ഉണ്ടെന്നും നടി വ്യക്തമാക്കുന്നു. ആശുപത്രിയിലെ സിറിഞ്ച്, ഐ.സി.യു എന്നീ കാര്യങ്ങളോട് തനിക്ക് എപ്പോഴും ഭയമുണ്ടെന്നും ഈ കാരണം കൊണ്ടാണ് ടെസ്റ്റിനെ ഭയപ്പെടുന്നതെന്നും നടി പറയുന്നുണ്ട്. ഒപ്പം, ആർക്കും കൊവിഡ് വരാതെയിരിക്കട്ടെ എന്നും വന്നാൽ പെട്ടെന്ന് ഭേദമാകട്ടെ എന്നും കൂടി അനുമോൾ ആഗ്രഹിക്കുന്നു. ഷൂട്ടിംഗിന് മുന്നോടിയായി ഇത് നാലാം തവണയാണ് അനുമോൾ കൊവിഡ് രോഗപരിശോധന നടത്തുന്നത്.