amith-sha

കൊൽക്കത്ത:ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാനം ഉറുപ്പുവരുത്തുന്നതിനായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് ബംഗാൾ സർക്കാർ. ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചുവെന്നും ഇതിനാൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന കൂടികാഴ്ചയിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും പങ്കെടുക്കില്ലെന്നും കാണിച്ച് കേന്ദ്രത്തിന് കത്തുനൽകി.

"സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ റിപ്പോർട്ടുകൾ ശേഖരിച്ചുവരികയാണ്.ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥരെ ചർച്ചയിൽ നിന്ന് ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.സംസ്ഥാന സർക്കാർ വിഷയം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്." ചീഫ് സെക്രട്ടറി അലപൻ ബന്ദോപാദ്ധ്യായ കേന്ദ്രത്തിന് അയച്ച കത്തിൽ പറഞ്ഞു. വിശിഷ്ട വ്യക്തികൾക്കായി ആവശ്യമായ സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അലപൻ ബന്ദോപാദ്ധ്യായ കൂട്ടിച്ചേർത്തു.

ഇസെഡ് കാറ്റഗറി സുരക്ഷ നൽകേണ്ടിയിരുന്ന ജെ.പി നദ്ദയ്ക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ക്രമസമാധാന നില ചർച്ചചെയ്യുന്നതിനായി കേന്ദ്ര സർക്കാർ യോഗം വിളിച്ചത്. നദ്ദയ്‌ക്ക് മതിയായ സുരക്ഷ നൽകുന്നതിൽ ലോക്കൽ പൊലീസിന് വീഴ്‌ച സംഭവിച്ചു എന്ന് ഗവർണർ ജ​ഗദീപ് ധൻകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയ്ക്കും പൊലീസ് മേധാവിക്കും കേന്ദ്രം കത്ത് നൽകിയത്.