
@അന്ത്യം കൊവിഡ് ബാധിച്ച് ലാത്വിയയിലെ ആശുപത്രിയിൽ
റിഗ:മനുഷ്യ കാമനകളുടെ വസന്തവും വേനലും ശൈത്യവും പകർത്തി, രതിയുടെയും ഹിംസയുടെയും ആത്മസംഘർഷങ്ങളുടെയും വിസ്ഫോടനങ്ങൾ സൃഷ്ടിക്കുകയും അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളിലൂടെ സിനിമയെ ആത്മാന്വേഷണത്തിന്റെ മാദ്ധ്യമമാക്കുകയും ചെയ്‌ത വിഖ്യാത ദക്ഷിണകൊറിയൻ സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. ബാൾട്ടിക് രാജ്യമായ ലാത്വിയയിലെ ആശുപത്രിയിൽ കൊവിഡാനന്തരമുള്ള അസ്വസ്ഥകളെ തുടർന്ന് വെള്ളിയാഴ്‌ച പുലർച്ചെ 1.20നായിരുന്നു അന്ത്യം.
ഡിസംബറിലെ തിരുവനന്തപുരം ചലച്ചിത്ര മേളകളിലൂടെ കേരളം നെഞ്ചേറ്റിയ മഹാപ്രതിഭ, ഈ ഡിസംബറിൽ വിടവാങ്ങിയത്
മലയാളികളായ ആരാധകർക്ക് ഞെട്ടലായി. 1960 ഡിസംബർ 20ന് ജനിച്ച കിം ജന്മ മാസത്തിൽ തന്നെ വിടപറഞ്ഞു. അറുപതാം പിറന്നാളിന് ഒൻപത് ദിവസം ശേഷിക്കേ.
2005ൽ സ്‌പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്‌പ്രിംഗ് ഉൾപ്പെടെ അഞ്ച് സിനിമകളുമായാണ് തിരുവനന്തപുരം മേള ആദ്യമായി കിമ്മിനെ അവതരിപ്പിച്ചത്. പിന്നീടുള്ള മിക്ക മേളകളിലും കിമ്മിന്റെ സിനിമകൾക്ക് മലയാളികൾ ഇരച്ചു കയറിയിരുന്നു. 2013ലെ മേളയിൽ കിം വിശിഷ്‌ടാതിഥിയായിരുന്നു.
ലാത്വിയയിൽ റസിഡൻസി പെർമിറ്റ് കിട്ടാൻ വീട് വാങ്ങാനായി നവംബർ 20നാണ് കിം കി ഡുക് അവിടെ എത്തിയത്. തലസ്ഥാനമായ റിഗ നഗരത്തിന് സമീപം കടലോര റിസോർട്ടായ ജുർമാലയിൽ വീട് വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് കിം എത്താതിരുന്നപ്പോൾ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഒരു ആശുപത്രിയിൽ അദ്ദേഹത്തെ കണ്ടെത്തിയതെന്ന് ലാത്വിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ആധുനിക ലോക സിനിമയിൽ കിഴക്കൻ ഏഷ്യയിലെ പ്രതിഭാധനരായ സംവിധായകരിൽ പ്രമുഖനായിരുന്നു കിം കി ഡുക്. വെനീസ് മേളയിൽ ഗോൾഡൻ ലയൺ (പിയാത്ത), സിൽവർ ലയൺ (3–അയൺ), ബെർലിൻ മേളയിൽ സിൽവർ ബെയർ (സമരിയ), കാൻ മേളയിൽ അൺ സെർട്ടൻ റിഗാർഡ് (അറിറാങ് - ഡോക്യുമെന്ററി) എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോങ്‍വയിലാണ് കിമ്മിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫാക്ടറി തൊഴിലാളിയായി.1990 - 93 കാലയളവിൽ പാരീസിലെ ഫൈൻ ആർട്ട്സ് പഠനം അദ്ദേഹത്തിന്റെ ജാതകം തിരുത്തിക്കുറിച്ചു. 1995ൽ കൊറിയയിൽ തിരിച്ചെത്തിയ കിം തിരക്കഥാകൃത്തായി. ആദ്യ തിരക്കഥ കൊറിയൻ ഫിലിം കൗൺസിലിന്റെ മത്സരത്തിൽ ഒന്നാമതെത്തി. അടുത്ത വർഷം സംവിധായകനായി - ക്രോക്കഡൈൽ. പിന്നെ ലോകത്തെ വിസ്മയിപ്പിച്ച 24 സിനിമകൾ. മൊത്തം 33 തിരക്കഥകൾ രചിച്ചു. സ്വപ്നവും കാലവും ലൈംഗികതയും ചോരയും കൊലയും ഏകാന്തതയും ജീവിതത്തിന്റെ നിരർത്ഥകതയും തീവ്രമായി അദ്ദേഹം ചിത്രീകരിച്ചു.
ബുദ്ധിസം ആഴത്തിൽ സ്വാധീനിച്ച കിമ്മിന്റെ സിനിമകൾ ധ്യാനത്തിനും ഹിംസയ്‌ക്കും ഇടയിലുള്ള അന്വേഷണമായിരുന്നു. തന്റെ സിനിമകളിലെ ഹിംസയെ പറ്റി അദ്ദേഹം പറഞ്ഞത് താൻ മനുഷ്യന്റെ മനസിലെ ഇരുട്ടിനെ പറ്റി സിനിമ എടുക്കുന്നു എന്നാണ്. ഒരു ബുദ്ധസന്യാസിയുടെ ജീവിതത്തിലെ ഋതുഭേദങ്ങളാണ് സ്‌പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്‌പ്രിങ്
ദ ബോ, ഡ്രീം, ടൈം, ബ്യൂട്ടിഫുൾ, ദ നെറ്റ്, മോബിയസ്, ഹ്യൂമൻ - സ്‌പേസ് - ടൈം ആൻഡ് ഹ്യൂമൻ തുടങ്ങിയവ പ്രധാന സിനിമകളാണ്. 2019ൽ ഇറങ്ങിയ ഡിസോൾവ് ആണ് അവസാന സിനിമ.