
കൊൽക്കത്ത: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ പശ്ചിമബംഗാൾ സർക്കാരിനെതിരെ ഗവർണർ ജഗദീപ് ധൻകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ബംഗാൾ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും തിങ്കളാഴ്ച നേരിട്ടെത്തി വിശദീകരണം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. എന്നാൽ
കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പങ്കെടുക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ഇസെഡ് കാറ്റഗറി സുരക്ഷയുള്ള പ്രമുഖർക്കുനേരെ ആക്രമണം ഉണ്ടായ സാഹചര്യമടക്കം ചർച്ച ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉന്നതതല യോഗം വിളിച്ചത്. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഒരുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യായ് കേന്ദ്രത്തിനയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, നദ്ദയ്ക്ക് മതിയായ സുരക്ഷ നൽകുന്നതിൽ ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചു എന്നാണ് ഗവർണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കേന്ദ്ര നേതാക്കൾ വരുമ്പോൾ ലോക്കൽ പൊലീസ് പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുണ്ട്. എന്നാൽ വ്യാഴാഴ്ച നദ്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. അത് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാതിരുന്നതിന്റെ വീഴ്ചയാണ്. ബി.ജെ.പി ദേശീയപ്രസിഡന്റിന്റെ യാത്ര സംബന്ധിച്ച് സർക്കാരിനും ലോക്കൽ പൊലീസിനും നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതാണെന്നും ഗവർണർ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
നദ്ദയ്‌ക്കെതിരായ ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാൽ ബി.ജെ.പിക്കെതിരെയുള്ള സ്വാഭാവിക ജനരോക്ഷമാണ് ഉണ്ടായതെന്നായിരുന്നു തൃണമൂൽ നേതൃത്വത്തിന്റെ പ്രതികരണം.
സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഭവം കേന്ദ്ര സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും ബംഗാൾ സർക്കാർ ഇതിന് ഉത്തരം പറയേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
ബംഗാളിൽ ക്രമസമാധാനനില തകരാറിൽ: ഗവർണർ
പശ്ചിമ ബംഗാളിൽ ക്രമസമാധാനനില തകരാറിലെന്ന് ഗവർണർ ജഗദീപ് ധൻകർ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ ദിവസം നടന്ന ആക്രമണം ദൗർഭാഗ്യകരമായിരുന്നു. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നവരാണ് ആക്രമണത്തിന് പിന്നിലുള്ളത്.
സംസ്ഥാനത്തെ ക്രമസമാധാന നില കാലങ്ങളായി തകരാറിലാണ്. ഇതിനെക്കുറിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രി മമതയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
പകരം വീട്ടുമെന്ന്
നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പലിശസഹിതം പകരം വീട്ടുമെന്ന് ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ പോസ്റ്റ്.
തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഡൽഹിയിലെ വീടിന് നേരെ ഉണ്ടായ ആക്രമണം 'ഒരു തുടക്കം മാത്രം' എന്നായിരുന്നു ബി.ജെ.പി നേതാവ് സായന്തൻ ബസു പ്രതികരിച്ചത്. നിങ്ങൾ ഒരാളെ കൊല്ലുമ്പോൾ ഞങ്ങൾ നാല് പേരെ കൊല്ലുമെന്നും സായന്തൻ ബസു പറഞ്ഞു.