
ഗോവയിൽ ഇന്ത്യയുടെ നാല്പത്തിമൂന്നാം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (2012) പത്ര സമ്മേളനത്തിൽ വച്ചാണ് കിം കി ഡുകിനോട് ആദ്യമായി സംസാരിച്ചത്.
ദ്വിഭാഷി മുഖേന അന്ന് ചോദിച്ച ചോദ്യം
' കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ 'യെന്നായിരുന്നു,
മറുപടി നിരാശാജനകമായിരുന്നു.
'കേട്ടിട്ടേയില്ല.'
2005 മുതൽ കേരളം കിം കി ഡുകിനെ ആഘോഷിക്കുകയായിരുന്നു. പക്ഷേ കിം കി ഡുക് കേരളത്തെ തിരിച്ചറിഞ്ഞത് 2013 ൽ ഇവിടെ വന്നപ്പോഴായിരുന്നു.
ഗോവയിൽ വച്ച് വിഖ്യാത സംവിധായകൻ ഷാജി എൻ. കരുണിന്റെയും ഫെസ്റ്റിവൽ ഡയറക്ടർ ശങ്കർ മോഹന്റെയും സഹായത്താൽ കിം കി ഡുകുമായി പിന്നീട് നേരിട്ട് സംസാരിക്കാനും (ദ്വിഭാഷിയോടൊപ്പം) അവസരം ലഭിച്ചു. കിം കി ഡുകിനെ അന്ന് അടുത്തു കാണുമ്പോൾ അദ്ദേഹം ലഹരിയിലായിരുന്നു. ഗോവൻ ഫെനിയും ബീയറും ഒരുമിച്ച് നുണഞ്ഞ് കൊച്ചു കുട്ടികളെപ്പോലെ അദ്ദേഹം സംസാരിച്ചു കൊണ്ടേയിരുന്നു. ദ്വിഭാഷി ഒപ്പമെത്താൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു. തന്റെ ജീവിതത്തിന്റെ തുടക്കകാലത്ത് കൊറിയയിലെ പോർട്ടിൽ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹം ചിരിച്ചു. പെയിന്ററായിരുന്നു. പാരീസിൽ പഠിക്കാൻ പോയപ്പോഴാണ് സിനിമ ലഹരിയായത്. പിൽക്കാലത്ത് കിം കി ഡുക് എന്ന കൊറിയക്കാരന്റെ സിനിമകൾ പ്രേക്ഷകർക്ക് ലഹരിയായി. അന്ന് ആ അഭിമുഖം കേരളകൗമുദിയുടെ വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.
2013 ൽ കേരളത്തിലെത്തിയപ്പോൾ ഫെസ്റ്റിവൽ പോലെ കേരളകൗമുദി കിം കി ഡുകിനെ ആഘോഷമാക്കി. അന്ന് സിറ്റി കൗമുദിയുടെ ഒന്നാം പേജിൽ ഫെസ്റ്റിവൽ ഡയറക്ടർ ബീനാപോളുമൊത്ത് ഡുക് നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടതായി ബീന അറിയിച്ചു. ആ ചിത്രം വന്ന പേജ് ഫ്രെയിം ചെയ്ത് കിം കി ഡുകിന് കൈമാറി.വലിയ ആഹ്ളാദത്തോടെയാണ് അദ്ദേഹമത് സ്വീകരിച്ചത്. അതായിരുന്നു ഡുകിനെ അവസാനമായി കണ്ട നിമിഷം.
" സ്‌പ്രിംഗ് സമ്മർ, ഫാൾ വിന്റർ ആൻഡ് സ്‌പ്രിംഗ് "എന്ന ഒറ്റ ചിത്രം മതി കിം കി ഡുകിനെ ചലച്ചിത്രലോകം എന്നും ഓർക്കാൻ. അത് ഒരു അനുഭവമായിരുന്നു. ഒറിജിനൽ തിങ്കിംഗിൽ നിന്ന് വന്ന ആ ചിത്രം ഒരു പ്രതിഭയുടെ ഉദയമായിരുന്നു. 2018 ൽ ഹ്യൂമൻ സ്പേസ് ടൈം ആൻഡ് ഹ്യൂമൻ എന്ന ചിത്രം ഗോവയിൽ കണ്ടപ്പോൾ സ്‌പ്രിംഗ് സമ്മർ, ഫാൾ വിന്റർ ആൻഡ് സ്‌പ്രിംഗ് എടുത്ത ഡുക് എവിടെയെന്ന് ചിന്തിച്ചു. ഋതുക്കൾ നൃത്തമാടിയ ഡുക് ചിത്രങ്ങളുടെ ആകർഷണീയത മാഞ്ഞുപോയോ എന്ന് പോലും തോന്നി.
പക്ഷേ കിം കി ഡുക് ഈ മരണം ആരും പ്രതീക്ഷിച്ചില്ല.ഡുകിന്റെ ജന്മനാട് ദുഃഖിക്കുന്നതിനെക്കാൾ മലയാളി പ്രേക്ഷകർ സങ്കടപ്പെടും. അവർക്ക് സഹിക്കാനാവില്ല ഈ വേർപാട്.
കൊവിഡ് മൂലം മുടങ്ങിയില്ലായിരുന്നെങ്കിൽ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്ന സമയമായിരുന്നു ഇത്. ആ സമയത്താണ് കിം കി ഡുക്ക് യാത്രയാവുന്നത്.