
ജയ്പൂർ: രാജസ്ഥാനിലെ രണ്ട് ഭാരതീയ ട്രൈബൽ പാർട്ടി എം.എൽ.എമാർ അശോക് ഗെലോട്ട് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തങ്ങൾക്ക് പിന്തുണ നൽകിയില്ലെന്ന് ആരോപിച്ചാണിത്.
2018 മുതൽ ബി.ടി.പി രാജസ്ഥാൻ സർക്കാരിന് പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ സച്ചിൻ പൈലറ്റിന്റെ വിമത നീക്കത്തിന് പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഉൾപ്പെടെ ഭാരതീയ ട്രൈബൽ പാർട്ടി കോൺഗ്രസിനെ പിന്തുണച്ചിരുന്നു.
പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന് തൊട്ടുപിന്നാലെയാണ് ബി.ടി.പി പിന്തുണ പിൻവലിച്ചത്. ആകെയുള്ള 4,371 പഞ്ചായത്ത് സമിതി സീറ്റുകളിൽ ബി.ജെ.പി 1812 സീറ്റിലും കോൺഗ്രസ് 1,695 സീറ്റിലുമാണ് വിജയിച്ചത്.
അതേസമയം രാജസ്ഥാൻ സർക്കാരിന് നിലനിൽപ്പിന് ഭീഷണിയില്ല. നിലവിൽ 200 അംഗ സഭയിൽ 118 എം.എൽ.എമാരുടെ പിന്തുണയുണ്ട്.