
ടൊറാന്റോ: മൊഡേണയുടെ കൊവിഡ് വാക്‌സിന് ഡിസംബറിൽ തന്നെ അനുമതി നൽകാനൊരുങ്ങി കാനഡ.മൊഡേണ വാക്‌സിന്റെ 40 മില്യൺ ഡോസുകൾക്കാണ് കാനഡ ഓർഡർ നൽകിയിട്ടുള്ളത്. പൗരന്മാർക്ക് വാക്സിൻ സൗജന്യമായി നൽകുമെന്നാണ് റിപ്പോർട്ടുകൾ.
മൊഡേണയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടൻ വാക്‌സിന് അനുമതി നൽകുമെന്നും ഹെൽത്ത് കാനഡ ചീഫ് മെഡിക്കൽ അഡ്‌വൈസർ ഡോ. സുപ്രിയ ശർമ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഫൈസർ വാക്സിന്റെ വിതരണം തിങ്കളാഴ്ച രാജ്യത്ത് ആരംഭിക്കും. മൊഡേണ വാക്സിൻ മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കാനാവുമെന്നത് നേട്ടമാണ്. എന്നാൽ, ഫൈസറിന്റെ വാക്‌സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കേണ്ടത്.