
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്കേർപ്പെടുത്തി. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്ഷേ്ത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്.
ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പൂജകളും ചടങ്ങുകളും പതിവ് പോലെ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയില്‍ 22 പേർക്ക് കൊവിഡ് രോഗം ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ദേവസ്വത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 46 ആയത്. ദേവസ്വത്തില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കായി ആന്‍റിജൻ പരിശോധന നടത്തിയത്.
ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുംദേവസ്വം അധികൃതർ അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രം നിലവിൽ അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.