
തിരുവനന്തപുരം: അറിയപ്പെടാത്ത വികാരങ്ങളെ അതിസൂക്ഷമായി ചിത്രീകരിച്ച കിം കി ഡുക്ക് മലയാളികളുടെ ഹൃദയത്തിൽ കയറിപ്പറ്റിയ അപൂർവ്വം സംവിധായകരിൽ ഒരാളായിരുന്നു. സ്പ്റിംഗ് സമ്മർ, ഫാൾ വിന്റർ... ആന്റ് സ്പ്റിംഗ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ആസ്വാദകർ കിം കി ഡുക്ക് എന്ന ചലച്ചിത്രകാരന്റെ ആരാധകനായത്. കൊവിഡാന്തര അസ്വസ്ഥതകളെ തുടർന്ന് ലാത്വിയയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1960 ഡിസംബർ 20ന് ദക്ഷിണ കൊറിയയിലെ ക്യോംഗ്സംഗ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. പാരീസിലെ ഫൈൻ ആർട്സ് പഠനത്തിനു ശേഷം ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ കിം തിരക്കഥാരചയിതാവായാണ് ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചത്. 1995ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയതാണ് കിമ്മിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തൊട്ടടുത്ത വർഷം 'ക്രോക്കോഡൈൽ' എന്ന ചിത്രത്തിലൂടെ കിം സംവിധായകനായി അരങ്ങേറ്റം കുറിച്ചു. സമരിറ്റൻ ഗേൾ, ത്രീ അയേൺ, ടൈം, സ്പ്രിംഗ് , സമ്മർ, വൈൽഡ് ആനിമൽസ്, ബ്രിഡ്‌കേജ് ഇൻ, റിയൽ ഫിക്ഷൻ, അഡ്രസ് അൺനോൺ, ബാഡ് ഗയ്, ദ കോസ്റ്റ് ഗാർഡ്, ദ ബോ, ബ്രീത്ത്, ഡ്രീം, പിയെത്ത, മോബിയസ് എന്നിങ്ങനെ 30 ലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
വെനീസ്, മോസ്‌കോ, ബെൽജിയം, ബ്രസ്സൽസ്, ഫുകുവോക, ലാ പാമാസ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി പുരസ്‌കാരങ്ങൾ കിം ഏറ്റുവാങ്ങിയിട്ടുണ്ട്. 2004ൽ 'സ്പ്റിംഗ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്റിംഗ്' എന്ന ചിത്രത്തിന് മികച്ച അന്യഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡും ലഭിച്ചിരുന്നു. 2018ൽ കിമ്മുമൊത്ത് പ്രവർത്തിച്ച രണ്ടു നടിമാർ അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമത്തിനു പരാതി നൽകിയിരുന്നു. ആ കേസിൽ കിമ്മിന് 8,80,700 ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നു.
കിമ്മിന്റെ നായിക ഷൂട്ടിംഗിനിടെ മരണാസന്നയായതും അതിനെ തുടർന്ന് വിഷാദത്തിലായ കിം ഏകാന്തജീവിതത്തിലേക്ക് തിരിഞ്ഞതും ആ ജീവിതം 'ആരിരംഗ്' എന്ന ഡോക്യുമെന്ററി ആയി ലോകം കണ്ടതും ഒരു സിനിമാക്കഥ പോലെ നമ്മൾ കണ്ടറിഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട കിം
2005ൽ നവാഗത സംവിധായക വിഭാഗത്തിൽ ഉൾപ്പെടുത്തി അര ഡസൻ കിം സിനിമകകളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്. ഇതോടു കൂടിയാണ് മലയാളികളുടെ മനസ്സിൽ കിം തരംഗം വന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രാദേശിക ഫിലിം ഫെസ്റ്റിവലുകളിലും കിം കി ഡുക്ക് ചിത്രങ്ങൾ നിറസാന്നിദ്ധ്യമാണ്. മലയാളികളുടെയും ഇഷ്ട സംവിധായകനാണ് കിം കി ഡുക്ക്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കിം കി ഡുക്ക് സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഐ.എഫ്.എഫ്.കെ കിമ്മിന്റെ പ്രധാന ചിത്രങ്ങൾ അടങ്ങിയ റെട്രോസ്പെക്ടീവ് നടത്തിയിരുന്നു. 2010ൽ 'പ്രിയപ്പെട്ട കിം' എന്ന പേരിൽ കിം കി ഡുക്കിനു വേണ്ടി മലയാളത്തിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചിരുന്നു. ഐ.എഫ്.എഫ്.കെ ഗോവൻ ചലച്ചിത്ര മേളകളിൽ മലയാളികളുടെ സ്‌നേഹം കിം കി ഡുക്ക് നേരിട്ടനുഭവിച്ചറിഞ്ഞു. 2012ലെ ഗോവ ഫിലിം ഫെസ്റ്റിൽ പങ്കെടുക്കാൻ ആദ്യമായി ഇന്ത്യയിലെത്തിയ കിം കി ഡുക്കിന് ഗോവയിൽ മലയാളി ഡെലിഗേറ്റുകൾ വമ്പൻ സ്വീകരണമാണൊരുക്കിയിരുന്നത്. മലയാളി ഡെലിഗേറ്റുകളുടെ സ്‌നേഹം നിമിത്തമാണ് കിം 2013ൽ കേരളത്തിലെത്തിയത്. 2018ൽ മേളയിൽ പ്രദർശിപ്പിച്ച 'മോബിയസ്' വലിയ ഷോക്ക് ട്രീറ്റ്മെന്റാണ് മലയാളി പ്രേക്ഷകർക്ക് നൽകിയത്.
കിം ചിത്രങ്ങൾ
കിം ചിത്രങ്ങളിലെ ആദ്യകാല പ്രതിപാദ്യ വിഷയം സെൻ ബുദ്ധിസവും മനുഷ്യരുടെ സ്വയംശുദ്ധീകരണ സംബന്ധിയായ കാര്യങ്ങളുമാണ്. പിന്നീടത് വയലൻസിലേക്ക് വഴിമാറുകയായിരുന്നു. പ്രകൃതിക്കും മനുഷ്യബന്ധങ്ങൾക്കും പ്രാധാന്യം നൽകി സിനിമകൾ ചെയ്തിരുന്ന കിമ്മിന്റെ പുത്തൻസിനിമകളിലെ വയലൻസിന്റെ അതിപ്രസരം കല്ലുകടിയാണെന്ന് ആരാധകർ പരിഭവിച്ചു. ഈ അഭിപ്രായം പൂർണ്ണമായും ശരി വയ്ക്കുന്ന തരത്തിലായിരുന്നു 'വൺ ഓൺ വൺ' എന്ന കിം സിനിമ. ഈ സിനിമയുടെ ആദ്യപ്രദർശനത്തിന് മേള കണ്ട ഏറ്റവും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കിമ്മിന്റെ 'സ്പ്റിംഗ് സമ്മർ ഫാൾ വിന്റർ' കണ്ടു വിസ്മയിച്ച പ്രേക്ഷകർ. 'ത്രീ അയൺ' കണ്ട് ഞെട്ടിയിരുന്നു. 'ബാഡ് ഗയി'ലൂടെ അധോലോകത്തിന്റെ കാണാപ്പുറങ്ങളിലേയ്ക്ക് പ്രേക്ഷകരും എത്തിച്ചേർന്നു. പിന്നീടിങ്ങോട്ട് ടൈമും, ഡ്രീമും, പിയത്തെയുമൊക്കെ ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകരുടെ നിറസാന്നിദ്ധ്യം കൊണ്ട് ജനപ്രിയമായി. മോബിയസ് കാണാൻ ഇരച്ചു കയറിയവർ തിയേറ്റർ തകർത്തു. കിം സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും ഭ്രമചിത്തരായി. ഏറ്റവും ഒടുവിൽ ഇരു കൊറിയകൾ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ 'ദ നെറ്റും" ജനപ്രിയമായിരുന്നു.
തന്റെ നാടായ സൗത്ത് കൊറിയയെ കുറിച്ച് കിം ചെയ്ത ചിത്രമാണ് 'വൺ ഓൺ വൺ'.
ഐ.എഫ്.എഫ്.കെയിൽ കിം കി ഡുക്ക് ചിത്രങ്ങൾ സ്ഥിരസാന്നിദ്ധ്യമായിരുന്നു. 2004ൽ 'ത്രീ അയൺ' , 2012ലെ 'പിയെത്ത'യും 2013ലെ 'മോബിയാസും' ' 2014ലെ 'വൺ ഓൺ വണ്ണും' ചലച്ചിത്രോത്സവ വേദികളിൽ കിം തരംഗം തന്നെ സൃഷ്ടിച്ചു.
നിരവധി അന്തർദേശീയ പുരസ്‌കാരങ്ങളും കിമ്മിന് ലഭിച്ചിട്ടുണ്ട്. 2004ൽ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി. സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ അയൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ലഭിച്ചു.