eclgs

ന്യൂഡൽഹി: കൊവിഡ് സൃഷ്‌ടിച്ച മൂലധന പ്രതിസന്ധി മറികടക്കാൻ എം.എസ്.എം.ഇകൾക്കായി ആത്മനിർഭർ പാക്കേജിലുൾപ്പെടുത്തി കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക വായ്‌പ ഇതുവരെ നേട്ടമായത് 81 ലക്ഷം സംരംഭകർക്ക്. മൊത്തം 2.05 ലക്ഷം കോടി രൂപയുടെ വായ്‌പയാണ് ഇവർക്കായി അനുവദിച്ചത്.

ഇതിൽ, 40 ലക്ഷം പേർ ഇതിനകം മൊത്തം വായ്‌പാത്തുകയായ 1.58 ലക്ഷം കോടി രൂപ കൈപ്പറ്റി. നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനി (എൻ.സി.ജി.ടി.സി) മുഖേന നടപ്പാക്കുന്ന എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീമിലൂടെ (ഇ.സി.എൽ.ജി.എസ്) മൂന്നുലക്ഷം രൂപയുടെ വായ്‌പാ സഹായമാണ് നൽകുന്നത്. ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) എന്നിവ വഴിയാണ് വിതരണം.

100 ശതമാനം ഈടുരഹിതമാണ് വായ്‌പ. 2020 ഫെബ്രുവരി 29 പ്രകാരം പരമാവധി 50 കോടി രൂപയുടെ വായ്‌പാ തിരിച്ചടവ് ബാക്കിയുള്ളവരും 2019-20 പ്രകാരം 250 കോടി രൂപവരെ വിറ്റുവരവുള്ളവരുമാണ് യോഗ്യർ.

നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം വരെ വായ്‌പ ലഭിക്കും.

നാലു വർഷമാണ് വായ്‌പയുടെ തിരിച്ചടവ് കാലാവധി. മുതലിന് ആദ്യ 12 മാസം മോറട്ടോറിയം ലഭിക്കും. ബാങ്കുകളിൽ പലിശ 9.25 ശതമാനം. എൻ.ബി.എഫ്.സികളിൽ 14 ശതമാനം. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള പ്രൊപ്രൈറ്റർഷിപ്പ്, പാർട്‌ണർഷിപ്പ്, രജിസ്‌റ്റർ ചെയ്‌ത കമ്പനികൾ, ട്രസ്‌റ്റുകൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്‌ണർഷിപ്പുകൾ (എൽ.എൽ.പി).

ഇ.സി.എൽ.ജി.എസ് 2.0

എം.എസ്.എം.ഇകൾക്ക് പുറമേ കൊവിഡിൽ പ്രതിസന്ധിയിലായ മറ്റ് 26 മേഖലകൾക്ക് കൂടി വായ്‌പാസഹായം നൽകാനായി ഇ.സി.എൽ.ജി.എസ് 2.0 കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 29 പ്രകാരം 50 കോടി മുതൽ 500 കോടി രൂപവരെ വായ്‌പാ ബാദ്ധ്യതയുള്ളവരാണ് യോഗ്യർ. അഞ്ചുവർഷമാണ് തിരിച്ചടവ് കാലാവധി. മുതൽ തിരിച്ചടയ്ക്കാൻ 12 മാസം മോറട്ടോറിയമുണ്ട്. 2021 മാർച്ച് 31 വരെയാണ് അപേക്ഷിക്കാനാവുക.