
ലണ്ടൻ: കൊവിഡിനെ ഉന്മൂലനം ചെയ്യാൻ ഒന്നിച്ച് പൊരുതാനൊരുങ്ങി റഷ്യയും ബ്രിട്ടനും. ബ്രിട്ടന്റെ ഓക്‌സ്ഫഡ് - ആസ്ട്രസെനക്കാ വാക്‌സിനും റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിലുൾപ്പെടുത്താനാണ് പുതിയ തീരുമാനം. രണ്ട് വാക്‌സിനും ഒരുമിച്ച് പ്രയോഗിക്കുന്നത് ആളുകളിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. റഷ്യയിൽ നടക്കുന്ന പരീക്ഷണത്തിൽ 18 വയസിൽ കൂടുതലുള്ളവരായിരിക്കും പങ്കെടുക്കുക. എത്രയാളുകൾ പരീക്ഷണത്തിന്റെ ഭാഗമാകുമെന്നതിൽ സ്ഥിരീകരണമായിട്ടില്ല.
വ്യത്യസ്ത വാക്സിനുകളുടെ സംയോജനം എങ്ങനെ ഫലപ്രദമാക്കാമെന്ന ആലോചനയിലാണെന്നും റഷ്യയുടെ ഗമലേയ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടൻ പരീക്ഷണം ആരംഭിക്കുമെന്നും ആസ്ട്രസെനെക്ക പറഞ്ഞു.
ഓക്സ്ഫഡ് വാക്‌സിനും മോസ്‌കോയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിനും ഏതാണ്ട് സമാനഘടകങ്ങളാണുള്ളത്. ഇവ രണ്ടും സാർസ്-കോവ് -2 സ്‌പൈക്ക് പ്രോട്ടീനിൽ നിന്നുള്ള ജനിതക ഘടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ്.