
ചരിത്രം കണ്ടതിൽ വച്ച് ഏറ്റവും മഹാനായ ചിന്തകനായിരുന്നു ഐസക് ന്യൂട്ടൺ. പ്രപഞ്ചത്തെ പറ്റിയുള്ള ലോകത്തിന്റെ എല്ലാ സങ്കല്പങ്ങളും മാറ്റിമറിച്ചവയായിരുന്നു ന്യൂട്ടന്റെ തത്വങ്ങൾ. ഏറെ പ്രതിഭാശാലിയായിരുന്നിട്ടും ഇന്ന് ലോകം ' വിവേകശൂന്യം ' എന്ന് വിളിക്കുന്ന ആശയങ്ങളിലൂടെയും അദ്ദേഹം സഞ്ചരിച്ചിരുന്നു. ഐസക് ന്യൂട്ടൺ കുറിച്ച, ഇതുവരെ പുറംലോകം കാണാതെ പോയ അപൂർവ കുറിപ്പുകൾ ചർച്ചയാവുകയാണ്.
പുരാതന ഈജിപ്ഷ്യൻ പിരമിഡുകളിൽ നിന്നും ലോകാവസാനത്തെ പറ്റിയുള്ള സൂചന കണ്ടെത്താമെന്ന തന്റെ വിശ്വാസമാണ് ന്യൂട്ടൺ ഇതിൽ കുറിച്ചിരിക്കുന്നത്. 17ാം നൂറ്റാണ്ടിലാണ് ന്യൂട്ടൺ ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്. പിരമിഡുകളുടെ ആകൃതിയും അളവുകളും മറ്റു വിവരങ്ങളും ലോകാവസാനം പ്രവചിക്കാൻ തന്നെ സഹായിക്കുമെന്ന് ന്യൂട്ടൺ വിശ്വസിച്ചിരുന്നു. ന്യൂട്ടന്റെ ഈ കുറിപ്പുകൾ കഴിഞ്ഞ ദിവസം 378,000 പൗണ്ടിനാണ് ലേലത്തിന് പോയത്.
1680 കളിൽ രചിക്കപ്പെട്ട മൂന്ന് പേജുള്ള ഈ കുറിപ്പിൽ ഈജിപ്റ്റിലെ ഗ്രേറ്റ് പിരമിഡ്, പുരാതന അളവെടുക്കൽ യൂണിറ്റുകൾ, ബൈബിൾ പ്രവചനങ്ങൾ തുടങ്ങിയവയെ പറ്റി ന്യൂട്ടൺ പ്രതിപാദിക്കുന്നുണ്ട്. ഇപ്പോൾ ലേലത്തിന് പോയിരിക്കുന്ന ഈ കുറിപ്പുകൾ ന്യൂട്ടന്റെ മരണശേഷം 1880 കളിലാണ് കണ്ടെത്തിയത്. അതായത്, അദ്ദേഹം ഈ കുറിപ്പുകൾ എഴുതി എന്ന് കരുതിയതിന് 200 വർഷങ്ങൾക്ക് ശേഷം.
ന്യൂട്ടന്റെ വളർത്തുനായയായ ഡയമണ്ട് മേശപ്പുറത്ത് ചാടിക്കയറുന്നതിനിടെ മെഴുകുതിരി വീഴുകയും ന്യൂട്ടന്റെ ഏതാനും കുറിപ്പുകൾ കത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് ലോകാവസാനത്തെയും പിരമിഡുകളെയും പ്രതിപാദിക്കുന്ന ഈ കുറിപ്പും. ഈ കുറിപ്പിന്റെ പേജുകളിലും അന്നത്തെ തീപിടുത്തത്തിന്റെ ശേഷിപ്പുകൾ കാണാം.
പുരാതന നിർമിതികളിൽ ഇന്നും അവശേഷിക്കുന്നതിൽ വച്ച് ഏറ്റവും മഹത്തായ വാസ്തുവിദ്യാ അത്ഭുതമാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡ്. എന്നാൽ അഗാധമായ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതിനുള്ള താക്കോലായാണ് ന്യൂട്ടൺ ഗിസ പിരമിഡിനെ കണ്ടിരുന്നത് ( ന്യൂട്ടൺ മാത്രമല്ല, അദ്ദേഹത്തിന്റെ സമകാലികരായ നിരവധി തത്വചിന്തകരും അങ്ങനെ കരുതിയിരുന്നു ). ബൈബിളിലെ ലോകാവസാന പ്രവചനത്തെ പറ്റിയും പിരമിഡുകളിൽ മറഞ്ഞിരിക്കുന്ന കോഡുകളിൽ നിന്നും തെളിവ് ലഭിക്കുമെന്ന് പാതി കത്തിയ നിലയിലുള്ള ന്യൂട്ടന്റെ കുറിപ്പിൽ കാണാം.
എന്തിന്, തന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെ തെളിവുകൾ വരെ പിരമിഡുകളിൽ മറഞ്ഞിരിക്കുന്നതായി ന്യൂട്ടൺ വിശ്വസിച്ചിരുന്നു. ലോകത്ത് തെളിയിക്കപ്പെടാത്ത പല നിഗൂഢതകളുടെ ഉത്തരവും പിരമിഡുകൾക്കുള്ളിലുണ്ടെന്നായിരുന്നു ന്യൂട്ടൺ പറഞ്ഞിരുന്നത്. പിരമിഡുകളുടെ നിർമിതിയും അതിന് ഈജിപ്ഷ്യൻ ജനത ഉപയോഗിച്ചിരുന്ന അളവുകളുമാണ് ന്യൂട്ടണെ അത്ഭുതപ്പെടുത്തിയിരുന്നത്. ഭൂമിയുടെ ചുറ്റളവ് പോലും പുരാതന ഈജിപ്ഷ്യൻ ജനതയ്ക്ക് അറിവുണ്ടായിരുന്നതായും ന്യൂട്ടൺ വിശ്വസിച്ചിരുന്നു.
പുരാതന ഈജിപ്ഷ്യൻ ക്ഷേത്രങ്ങളുടെ അളവുകളുടെ ക്രമീകരണം ലോകാവസാനം എന്നാണെന്ന് കണ്ടെത്താൻ കഴിയുമെന്നും ന്യൂട്ടൺ തന്റെ കുറിപ്പുകളിൽ പറയുന്നു. ഗണിതശാസ്ത്രം, ജ്യോതി ശാസ്ത്രം തുടങ്ങിയവയിൽ അനവധി സംഭാവനകൾ നൽകിയ ന്യൂട്ടന്റെ ലോകാവസാന ചിന്തകൾ ഉൾപ്പെടെയുള്ള പഠനങ്ങളെ ഗുപ്ത പഠനങ്ങളുടെ അല്ലെങ്കിൽ അശാസ്ത്രീയ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തന്റെ ശാസ്ത്ര - തത്വചിന്താ ഗവേഷണങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ഭയത്താൽ അമാനുഷിക സിദ്ധാന്തങ്ങളെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ ന്യൂട്ടൺ പുറംലോകത്ത് നിന്നും മറച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്നത്തെ ഗവേഷകരെ പോലും വട്ടം ചുറ്റിക്കുന്ന ഒന്നായ പിരമിഡുകളെ പറ്റി പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ന്യൂട്ടൺ എന്ന പ്രതിഭ അഗാധമായി പഠിച്ചിരുന്നു എന്ന് തെളിയിക്കുന്ന കുറിപ്പുകളാണിവ. മരിച്ച് ഏകദേശം 300 വർഷങ്ങൾ ആകുമ്പോഴും ഇന്നും ശാസ്ത്രലോകത്തിന് ന്യൂട്ടൺ ഒരു അത്ഭുതം തന്നെയാണ്.