fb

വാഷിംഗ്‌ടൺ: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ മനുഷ്യന്റെ ജീവിത ശെെലിയിൽ തന്നെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. സാമൂഹികഅകലം പാലിക്കൽ മാസ്ക് ധരിക്കൽ തുടങ്ങി നിരവധി പുതിയ ശീലങ്ങളും ഏവരും പാലിച്ചു തുടങ്ങി. ഇത്തരത്തിൽ വന്ന ഒരു മാറ്റമാണ് വർക്ക് ഫ്രം ഹോം എന്ന രീതിയും.

കൊവിഡിൽ നിന്നും രക്ഷനേടാൻ സാമൂഹിക അകലം പാലിക്കുന്നതിനായി ജീവനക്കാർ ഓഫീസുകളിൽ വരാതെ വീട്ടിൽ ഇരുന്നുതന്നെ ജോലി ചെയ്യുന്ന പുതിയ സമ്പ്രദായമാണ് വർക്ക് ഫ്രം ഹോം. കൊവിഡിന് ഒരു വാക്സിൻ കണ്ടെത്തുന്നത് വരെ ഈ രീതി തുടരാനാണ് സാദ്ധ്യത. എന്നാൽ ഫേസ്ബുക്കിന്റെ കാര്യത്തിൽ ഇത് ബാധകമാകില്ല.

ഓഫീസിലേക്ക് തിരികെ വരുന്നതിന് ജീവനക്കാർ വാക്‌സിൻ സ്വീകരിക്കണമെന്ന് നിർബന്ധമില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ്. അടുത്ത വർഷം ജൂലാ‌യോടെ ഓഫീസ് പഴയ പോലെ തുറന്ന് പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സുക്കർബർഗ് ഇക്കാര്യം പറഞ്ഞത്.

"കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്നത് പരിഗണിക്കാതെ 2021 ജൂലായ് വരെ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ ഞങ്ങൾ ജീവനക്കാർക്ക് അവസരം നൽകിയിട്ടുണ്ട്. ഞങ്ങളുടെ യു.എസ് ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണ്.വാക്‌സിൻ ലഭ്യമാകുന്നതിന് മുമ്പ് തന്നെ ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കാൻ ആകുമെന്ന് ‌ഞങ്ങൾ പ്രതീക്ഷിക്കുന്നു." ഫേസ്ബുക്ക് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.നിലവിൽ ഭൂരിഭാഗം ഫേസ്ബുക്ക് ജീവനക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.