
ദോഹ:കൊവിഡ് കാലത്ത് ഇന്ത്യൻ പ്രവാസികൾക്ക് മികച്ച സംരക്ഷണമൊരുക്കിയ ഖത്തറിന് നന്ദി അറിയിച്ച് ഇന്ത്യ. ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്‌ശങ്കർ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇന്ത്യ നന്ദി അറിയിച്ചത്. ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ജയ്‌ശങ്കർ പങ്കുവച്ചു.
ഖത്തർ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലഫോൺ സംഭാഷണം ഊഷ്മളമായിരുന്നുവെന്നും അദ്ദേഹവുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഉടൻ അവസരമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ എട്ടിന് ഖത്തർ അമീർ ഷേഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പുരോഗതികൾ വിലയിരുത്തിയതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.