astab-deboo

മുംബയ്: ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തെയും പാശ്ചാത്യനൃത്തരീതിയെയും സമന്വയിപ്പിച്ച്, ശരീരം താളനിബന്ധമാക്കി ജീവിച്ച നർത്തനരംഗത്തെ വിസ്‌മയം അസ്താദ് ദേബൂ (73) വിടവാങ്ങി. കഥക്, കഥകളി, പാശ്ചാത്യ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ച ശൈലിയിലൂടെ ലോകമെമ്പാടുമുള്ള ആസ്വാദകരുടെ മനം കവർന്നിരുന്നു. വ്യാഴാഴ്ച രാവിലെ മുംബയിലെ വസതിയിലായിരുന്നു അന്ത്യം. ഗുജറാത്തിലെ നവസാരി സ്വദേശിയാണ്.

ചെറുപ്പത്തിൽ തന്നെ ഗുരു പ്രഹ്ലാദ് ദാസിൽ നിന്ന് കഥക് അഭ്യസിച്ച ദേബൂ മുംബയിലെ ബിരുദ പഠനത്തിനു ശേഷം ന്യൂയോർക്കിലെ മാർത്ത ഗ്രഹാം സെന്റർ ഓഫ് കണ്ടംപററി ഡാൻസിൽ ചേർന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം തിരുവല്ലയിൽ ഗുരു ഇ. കൃഷ്ണപ്പണിക്കരിൽ നിന്നാണ് കഥകളി അഭ്യസിച്ചത്. അരനൂറ്റാണ്ട് തുടർന്ന നൃത്തസപര്യയിൽ ചൈനയിലെ വൻമതിലിൽ ഉൾപ്പെടെ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

ഇന്ത്യൻ, പാശ്ചാത്യ നൃത്തരൂപങ്ങൾ കോർത്തിണക്കിയ 'ദേബൂ സ്റ്റൈൽ' എഴുപതോളം രാജ്യങ്ങളിലെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.

2002ൽ അസ്താദ് ദേബൂ ഡാൻസ് ഫൗണ്ടേഷൻ സ്ഥാപിച്ച് ഭിന്ന ശേഷിയുള്ളവർക്കുൾപ്പെടെ പരിശീലന സൗകര്യങ്ങൾ ഒരുക്കി. 1995ൽ സംഗീത അക്കാഡമി അവാർഡ് നേടി. 2007ൽ പത്മശ്രീ ലഭിച്ചു. മണിരത്നം, വിശാൽ ഭരദ്വാജ് തുടങ്ങിയവരുടെ സിനിമകളിലും ചിത്രകാരൻ എം.എഫ്. ഹുസൈൻ സംവിധാനം ചെയ്ത 'മീനാക്ഷി: ദ് ടെയ്ൽ ഓഫ് ത്രീ സിറ്റീസ്' എന്ന സിനിമയിലും നൃത്ത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

നൃത്തത്തെ മാത്രമാണ് ജീവതാവസാനം വരെ ദേബൂ പ്രണയിച്ചതും വിവാഹം ചെയ്തതും. അവസാനംവരെ നൃത്തത്തിൽ ശാരീരിക ക്ഷമത നിലനിറുത്താൻ ദേബൂ ശ്രമിച്ചു. എന്നാൽ അവസാന നാളുകളിൽ പിടിപെട്ട അർബുദം ആഗ്രഹത്തിന് വിഘാതമായി. സംസ്‌കാരം ഇന്നലെ നടന്നു.