
ബംഗളൂരു: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) സെപ്തംബർ എട്ടിന് അറസ്റ്റ്ചെയ്ത നടി ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയെ തുടർന്നാണ് ജാമ്യം ലഭിച്ചത്. ഇവർക്കൊപ്പം അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ജയിലിലാണ്.
തനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ജാമ്യം ലഭിച്ചില്ലെങ്കിൽ രക്തസ്രാവമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും സഞ്ജന ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് സർക്കാർ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
പാർട്ടികളിൽ ലഹരിമരുന്ന് ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തു എന്നാണ് നടിമാർക്കെതിരായ കുറ്റം. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരമുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിൽ ഇവരെ കൂടാതെ നിയാസ്, രവി, ശങ്കർ, രാഹുൽ, വിരേൻ ഖന്ന, ലൂം പെപ്പർ, പ്രതീക് ഷെട്ടി എന്നിവരെയാണു സി.സി.ബി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം രാഗിണി, സഞ്ജന എന്നിവരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.