kim-ki-duk

'എനിക്ക് മനസിലാകാത്ത എന്തോ ഞാൻ കാണുന്നു, അതിനെ ഗ്രഹിക്കാനായാണ് ഞാൻ സിനിമ എടുക്കുന്നത്...'

കിം കി ഡുക്ക് ഒരിക്കൽ പറഞ്ഞു.

ചലച്ചിത്ര കലയിൽ ഔപചാരിക ശിക്ഷണം നേടാതെ സ്വന്തം നിലക്ക് ആവിഷ്ക്കാരം നിർവ്വഹിച്ച , ദക്ഷിണ കൊറിയയെ ലോകത്തിലെ പ്രമുഖ മേളകളായ കാനിലും ബെർലിനിലും വെനീസിലും ഒക്കെ പ്രതിനിധീകരിച്ചു പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്ത കിം കി ഡുക്കിനെ നേരിൽ കാണുന്നത് 2012 ലെ ഗോവൻ ചലച്ചിത്ര മേളയിലാണ്.

അന്ന് അവിടെ കിം കി ഡുക്കിന്റെ അഞ്ചു ചിത്രങ്ങളുടെ പ്രത്യേക വിഭാഗം ഉണ്ടായിരുന്നു. ബ്രീത്, ഡ്രീം, ദി ബോ, ടൈം എന്നിവയ്ക്ക് പുറമെ ഏറ്റവും പുതിയ ചിത്രമായ പിയത്തയും അതിൽ ഉൾപ്പെട്ടിരുന്നു.

പിയത്തക്ക് പ്രേരണ വത്തിക്കാൻ നഗരത്തിലെ വിശ്രുതമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മാതൃശില്പം ആയിരുന്നു എന്ന് വാർത്താസമ്മേളനത്തിൽ കിം കി ഡുക്ക് തന്നെ വിശദീകരിക്കുകയുണ്ടായി. തൊട്ട് മുമ്പത്തെ ചിത്രമായ 'അരിരങ്കി 'യിലെ വിഷാദഭരിതമായ ഗാനം അദ്ദേഹം അന്നവിടെ ആലപിക്കുകയും ചെയ്തു

പിയത്ത കാണികൾ സഹർഷം ഏറ്റെടുത്ത ചിത്രം ആയിരുന്നില്ല. അതിലെ ലൈംഗികതയും അതിരുകടന്ന ഹിംസാല്മകതയും കാരണം പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു.

കിം കി ഡുക്കിന്റെ ചിത്രങ്ങൾ പൊതുവെ അസാധാരണങ്ങളായ പ്രമേയങ്ങളും ആഖ്യാനരീതികളും രതിയും അക്രമോല്സുകതയും ഒക്കെ പ്രകടിപ്പിക്കുന്നവയാണ്. സ്വന്തം ദേശത്ത് അദ്ദേഹം ഏറെക്കൂറെ അസ്വീകാര്യനുമായിരുന്നു. പാശ്ചാത്യമായ അവബോധത്തിനാണ് തന്റെ ചിത്രങ്ങളെ തിരിച്ചറിയാൻ ആവുകയെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രകടമാകുന്നത് തീർത്തും

പൗരസ്ത്യമായ ദർശന വിശേഷം ആണെന്നത് ഒരു വൈപരീത്യമാകാം.

കിം കി ഡുക്ക് ചിത്രങ്ങളിൽ ഏറ്റവും പ്രകീർത്തിതമായത് ഋതുപകർച്ചകളിലൂടെ കഥ പറയുന്ന 'സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻറ് സ്പ്രിംഗ് ' തന്നെയാണ്. ബുദ്ധദർശനത്തിന്റെ സൗമ്യതയും ഗരിമയും ഇതിലാകെ നിറഞ്ഞു നിൽക്കുന്നു. ഓരോ ഉപാഖ്യാനവും ദർശനമഹിമയുറ്റതും മിഴിവാർന്നതുമാണ്.

ജീവിതത്തെ സൂക്ഷമായി അറിയാനും വ്യാഖ്യാനിക്കാനും ശ്രമിച്ച ചലച്ചിത്രകാരൻ എന്ന നിലയിൽ കിം കി ഡുക്ക് ലോക സിനിമയിൽ തന്റേതായ ഒരു ഇടം സ്ഥാപിച്ചാണ് വിടപറയുന്നത്. അദ്ദേഹം രൂപപ്പെടുത്തിയ തീക്ഷ്ണങ്ങളായ ഫ്രെയിമുകൾ ജീവിതത്തിന്റെ സത്യങ്ങൾ നമുക്ക് വീണ്ടും വീണ്ടും വെളിവാക്കി തരുന്നു.