
തിരുവനന്തപുരം:ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനം പോത്തീസ് ജീല്ലാഭരണകൂടം ഇടപ്പെട്ട് പൂട്ടിച്ചു.പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ വലിയ തിരക്കാണ് പോത്തീസിലുണ്ടായിരുന്നത്. പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് നടപടി.
തിരക്ക് വർദ്ധിച്ചതോടെ കടയിൽ സാമൂഹിക അകലം പോലും പാലിക്കപ്പെട്ടില്ല. സന്ദര്‍ശക രജിസ്റ്റർ കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്നും അധികൃതർ കണ്ടെത്തി. ഇതോടെയാണ് ജില്ലാ ഭരണകൂടം സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് കട പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.