
മോസ്കോ: നാസി നേതാവ് അഡോൾഫ് ഹിറ്റ്‌ലർ വളർത്തിയിരുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കപ്പെട്ടിരുന്ന സാറ്റേൺ എന്ന ചീങ്കണ്ണിയെ ഇനി എന്നും കാണാം. ജീവനോടെയല്ല, ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ചീങ്കണ്ണികളിൽ ഒന്നായ സാറ്റേണിനെ ഇവിടെ കേടുകൂടാതെ സ്റ്റഫ് ചെയ്ത് സ്ഥാപിച്ചിരിക്കുകയാണ്.
സാറ്റേണിന്റെ മൃതദേഹം മോസ്കോയിലുള്ള ദ സ്റ്റേറ്റ് ഡാർവിൻ മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററിയിൽ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുമെന്നാണ് റിപ്പോർട്ട്. സാറ്റേണിന്റെ തോൽ ടാക്സിഡെർമിസ്റ്റുകൾ മോസ്കോയിലെ ദ സ്റ്റേറ്റ് ഡാർവിൻ മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററിയിൽ എത്തിച്ച് പ്രിസർവ് ചെയ്യുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്ന ശേഷം അടുത്ത വർഷം മുതൽ പൊതുജനങ്ങൾക്ക് സാറ്റേണിനെ കാണാം.
കഴിഞ്ഞ മേയിലാണ് മോസ്കോ മൃഗശാലയിൽ വച്ച് സാറ്റേൺ ചത്തത്. മരിക്കുമ്പോൾ ഏകദേശം 84 വയസ് സാറ്റേണിനുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ചു എന്ന റെക്കോർഡ് സാറ്റേണിന്റെ പേരിലുണ്ട്. അമേരിക്കയിൽ ജനിച്ച മിസിസിപ്പി ചീങ്കണ്ണിയായ സാറ്റേണിനെ പിന്നീട് ബെർലിൻ മൃഗശാലയിൽ എത്തിച്ചതായും 1943ലെ ബോംബാക്രമണത്തിൽ മൃഗശാല തകർന്നതോടെ അവിടെ നിന്നും രക്ഷപ്പെട്ടെന്നുമാണ് പറയപ്പെടുന്നത്.

ബോംബാക്രമണത്തിൽ ആയിരക്കണക്കിന് മനുഷ്യർ മരിച്ചു. മൃഗശാലയുടെ ഒരു ഭാഗം തകർന്ന് തരിപ്പണമായി. നിരവധി ജീവികൾ ചത്തു. ഇത്രയും ഭീകരമായ യുദ്ധത്തെ അതിജീവിച്ചതാണ് സാറ്റേൺ. എന്നാൽ ആക്രമം നടന്ന് 1946 വരെയുള്ള മൂന്ന് വർഷം സാറ്റേണിന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല.
1946ൽ ബ്രിട്ടീഷ് പട്ടാളക്കാർ സാറ്റേണിനെ സോവിയറ്റ് യൂണിയന് കൈമാറുകയായിരുന്നു. ബെർലിനിൽ നിന്ന് തന്നെ സാറ്റേണിനെ കണ്ടെത്തിയതെന്നാണ് വിവരം. എന്നാൽ സാറ്റേണിനെ ഹിറ്റ്‌ലർ വളർത്തിയിരുന്നെന്നും ഹിറ്റ്‌ലറുടെ ശേഖരത്തിൽ നിന്നുമാണ് ബ്രിട്ടീഷ് സൈനികർക്ക് ലഭിച്ചതെന്നാണ് ചിലരുടെ വാദം. ചരിത്രകാരൻമാർ ഈ വാദം നിഷേധിക്കുന്നു.