
മറ്റിന്ത്യൻ ബാറ്റ്സ്മാൻമാർ ഞെട്ടിയ പിങ്ക് ബാൾ സന്നാഹത്തിൽ അർദ്ധ സെഞ്ച്വറിയുമായി ബുംറ,
ബുംറയുടെ ഷോട്ട് തലയിൽക്കൊണ്ട് കാമറൂൺ ഗ്രീനിന് പരിക്ക്
സിഡ്നി: ആസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം ത്രിദിന സന്നാഹത്തിൽ മറ്റ് ബാറ്റ്സ്മാൻമാർ തകർന്നിടത്ത് കന്നി അർദ്ധ സെഞ്ച്വറിയുമായി (എല്ലാ ഫോർമാറ്റിലും) സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ വിസ്മയ ബാറ്റിംഗ്. അഡ്ലെയ്ഡിൽ ഈമാസം 17ന് ആരംഭിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പിങ്ക് ബാളിൽ ഇന്നലെ തുടങ്ങിയ രണ്ടാം സന്നാഹത്തിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 194 റൺസിന് ആൾഔട്ടായി. തുടർന്ന് മറുപടിക്കിറങ്ങിയ ആസ്ട്രേലിയക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയ ഇന്ത്യൻ ബൗളർമാർ ആതിഥേയരെ ഒന്നാം ഇന്നിംഗ്സിൽ 108 റൺസിന് ആൾ ഔട്ടാക്കി 86 റൺസിന്റെ ലീഡ് നേടി.
പിങ്കേറിൽ പതറിപ്പോയ ഇന്ത്യൻ മുൻനിരയും മധ്യനിരയും പ്രതിസന്ധിയിലായപ്പോൾ പുറത്താകാതെ 57 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം 55 റൺസെടുത്ത് ജസ്പ്രീത് ബുംറയാണ് ടോപ് സ്കോററായത്. ഇന്നിംഗ്സിന് ശേഷം ബുംറയ്ക്ക് ഗാർഡ് ഒഫ് ഹോണർ നൽകിയാണ് ഇന്ത്യൻ താരങ്ങൾ ഡ്രസിംഗ് റൂമിലേക്ക് ആനയിച്ചത്.
പ്രിഥ്വി ഷാ (29 പന്തിൽ 40), ശുഭ്മാൻ ഗിൽ (43), മുഹമ്മദ് സിറാജ് (22) എന്നിവരാണ് ബംറയെക്കൂടാതെ ഭേദപ്പെട്ട ബാറ്റിംഗ് നടത്തിയ ഇന്ത്യൻ താരങ്ങൾ. പത്താം വിക്കറ്റിൽ ബുംറയും സിറാജും റൺസ് കൂട്ടിച്ചേർത്തു. ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയയെ 3 വിക്കറ്റ് വീതം നേടിയ ഷമിയും സെയ്നിയും 2 വിക്കറ്റെടുത്ത ബുംറയും ചേർന്നാണ് ചുരുട്ടിക്കെട്ടിയത്. ഇന്ത്യയുടെ ബാറ്റിംഗിനിടെ ബുംറയുടെ ഷോട്ട് തലയിൽക്കൊണ്ട് ഓസീസ് ആൾറൗണ്ടർ കാമറൂൺ ഗ്രീനിന് പരിക്കേറ്റു. മത്സരത്തിന്റെ തുടർന്നുള്ള ദിവസങ്ങളിൽ ഗ്രീൻ കളിക്കില്ല. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി പാറ്റ് റോവിനെ ആസ്ട്രേലിയ എ ടീമിലെടുത്തിട്ടുണ്ട്.
സിറാജിന്റെ 
ഫെയർ പ്ലേ
ഗ്രീനിന്റെ തലയിൽ പന്തുകൊണ്ടപ്പോൾ നോൺ സ്ട്രൈക്കർ എൻഡിലായിരുന്ന മുഹമ്മദ് സിറാജ് ബാറ്റ് വലിച്ചെറിഞ്ഞ് ഗ്രീനിനെ ശുശ്രൂഷിക്കാൻ ഓടിയെത്തിയത് സ്പോർട്സ്മാൻ സ്പിരിറ്റിന്റെ വലിയ മാതൃകയായി. റൺസിന് പോലും ശ്രമിക്കാതെയായിരുന്നു സിറാജ് ശുശ്രൂഷിക്കാൻ ഓടിയെത്തിയത്.