bike

കോലഞ്ചേരി:മൂന്ന് സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് ലോറിയുടെ ടയറിലിടിച്ച് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.

നെല്ലാട് അമ്പലപ്പടി വാടകയ്ക്കകം ഉണ്ണിക്കൃഷ്ണന്റെ മകൻ യദു കൃഷ്ണൻ (21), കൊരട്ടി തണ്ടേക്കാട്ടിൽ, രാജേഷിന്റെ മകൻ ശ്രീഹരി (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അരയൻകാവ് കുലയറ്റിക്കര പുറ്റൂർ ആരോമലിനെ (21) കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നെല്ലാട്- മണ്ണൂർ റോഡിൽ കുന്നത്തോളി കവലയിൽ ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് അപകടം.

മണ്ണൂരിൽ നിന്ന് സുഹൃത്തുക്കൾ ഡ്യൂക്ക് ബൈക്കിൽ നെല്ലാട് ഭാഗത്തേക്ക് പോകുംവഴി നെല്ലാട് കിൻഫ്രയിൽ ലോഡിറക്കി തിരിച്ചുപോയ ലോറിയുടെ ടയറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി. ബൈക്കിൽനിന്ന് തെറിച്ച മൂന്ന് പേരും തലയിടിച്ചാണ് വീണത്.

മൃതദേഹങ്ങൾ മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് മൂവരും. കൊരട്ടിയിൽ നിന്ന് മണ്ണൂരെത്തിയ ശ്രീഹരിയെ കൂടി ബൈക്കിൽ കയറ്റി മടങ്ങുമ്പോഴായിരുന്നു അപകടം.

കുന്നത്തുനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ലോറി ഡ്രെെവറും സഹായിയും ഓടി രക്ഷപെട്ടു. ലോറി സ്റ്റേഷനിലേക്ക് മാറ്റി.