
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്ക് ജനപിന്തുണ ലഭിക്കാനായി രാജ്യമാകമാനം പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചതിനു പിന്നാലെ കർഷക പ്രക്ഷോഭങ്ങൾക്കെതിരെ പുതിയ ആരോപണവുമായി കേന്ദ്ര സർക്കാർ.
കർഷക പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് 'ഇടതുപക്ഷ തീവ്രവാദി'കളാണെന്നും അവർ പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നത്.
'അൾട്രാ ലെഫ്റ്റ്' എന്നും ' ഇടതുപക്ഷ അനുകൂല തീവ്ര വിഭാഗങ്ങൾ' എന്നും ഇവരെ കേന്ദ്ര സർക്കാർ പ്രതിനിധികൾ വിശേഷിപ്പിക്കുന്നത്. ദേശീയ മാദ്ധ്യമായ എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അനൗദ്യോഗിക മാർഗങ്ങളിലൂടെ നടത്തിയ ആശയവിനിമയത്തിലൂടെയാണ് സർക്കാർ പ്രതിനിധികൾ ഇക്കാര്യം പറയുന്നത്.വരും ദിവസങ്ങളിൽ ഇവർ വൻ തോതിലുള്ള അക്രമ പ്രവർത്തനങ്ങൾ നടത്തുമെന്നും പൊതുമുതൽ നശിപ്പിക്കുമെന്നും ഇന്റലിജൻസ് വിഭാഗങ്ങളിൽ നിന്നും 'വിശ്വസിനീയമായ' വിവരം ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നുണ്ട്.
ഡൽഹി-ജയ്പ്പൂർ ഹൈവേയിൽ തടസം സൃഷ്ടിക്കാൻ ഈ തീവ്ര വിഭാഗങ്ങൾ കർഷകരോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഇവർ പറയുന്നു. 2018ൽ പൂനെയിലുണ്ടായ ഭീമ-കോറേഗാവ് സംഭവവുമായാണ് ഇവർ കർഷക സമരത്തെ താരതമ്യം ചെയ്യുന്നത്.
സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ 'അർബൻ നക്സലുകളിൽ' നിന്നും വിഭിന്നരല്ലെന്നും കർഷക സമരം 'കുടിലമായ' നിലയിലേക്ക് കടക്കാൻ കാരണമായത് ഇവരാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നുണ്ട്. എന്നാൽ പേര് വെളിപ്പെടുത്താതെയുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ ഈ ആരോപണങ്ങൾ കർഷകർ തള്ളിയിട്ടുണ്ട്.
തങ്ങളെ ആർക്കും സ്വാധീനിക്കാൻ സാധിക്കില്ലെന്നും തങ്ങളെ മോശക്കാരാക്കി കാണിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഡാലോചനയാണിതെന്നും കീർത്തി കിസാൻ സംഗാതൻ അദ്ധ്യക്ഷൻ രമീന്ദർ സിംഗ് പാട്ടിയാൽ വ്യക്തമാക്കി.