atk

ഫറ്രോർഡ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെ ഹൈദരാബാദ് എഫ്.സി സമനിലയിൽ പിടിച്ചു. സ്കോർ: 1-1. രണ്ടുഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 54-ാം മിനിറ്റിൽ സോളോ ഗോളിലൂടെ മൻവീർ സിംഗ് കൊൽക്കത്തയെ മുന്നിലെത്തിച്ചു. എന്നാൽ അറുപത്തിയഞ്ചാം മിനിട്ടിൽ കിട്ടിയ പെനാൽറ്റിഗോളാക്കി ജാവോ വിക്ടർ ഹൈദരാബാദിന് സമനില സമ്മാനിക്കുകയായിരുന്നു. നിഖിൽ പൂജാരിയെ മൻവീർ സിംഗ് എ.ടി.കെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനായിരുന്നു റഫറി ഹൈദരാബാദിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്.

അഞ്ചു മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി എ.ടി.കെ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. നാലു മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് കയറി. കരുത്തരായ എ.ടി.കെയെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരു ടീമുകളും ആക്രമിച്ച് കയറി.

ജാവോ വിക്ടറും ആശിഷ് റായുമെല്ലാം മധ്യനിരയിൽ മിന്നലായെങ്കിലും മുന്നേറ്റത്തിൽ അരിഡാനെ സന്റാനയുടെ അഭാവം ഹൈദരാബാദിന് വലിയ തിരിച്ചടിയായി. ക്രോസ് ബാറിന് കീഴിൽ സുബ്രതാ പോൾ തകർപ്പൻ സേവുകളുമായി ഹൈദരാബാദിനെ പലപ്പോഴും രക്ഷിച്ചു. മറുവശത്ത് റോയ് കൃഷ്ണയും മൻവീറും നല്ലമുന്നേറ്രങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ കൃത്യതയില്ലായ്മ വിനയായി.

ഇന്നത്തെ മത്സരം

ഒഡിഷ-ഗോവ

(രാത്രി 7.30 മുതൽ)​


.