
എറണാകുളം: പറവൂരിൽ ഓടുന്ന കാറിന് പിന്നാലെ നായയെ കയറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രെെവർ അറസ്റ്റിൽ.നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നാംഹൗസിൽ യൂസഫിനെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 428,429 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്‌തു.
വീട്ടിൽ വളർത്തിയിരുന്ന നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്ന് യൂസഫ് പൊലീസിന് മൊഴി നൽകി. കാറിനുള്ളിൽ കയറാതെ വന്നപ്പോൾ കെട്ടിയിട്ടുവെന്നും ഇയാൾ പറയുന്നു. വേഗത്തിൽ ഓടുന്ന കാറിന്റെ ഡിക്കിയിൽ നായയെ കെട്ടിയിട്ടു വലിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.നായ ഓടി തളർന്ന് വീണിട്ടും വലിച്ചുകൊണ്ട് പോകുന്നതായി ദൃശ്യങ്ങളിൽ കാണാമായിരുന്നു. സംഭവം വിവാദമായതോടെ യൂസഫിന്റെ ലൈസൻസ് റദ്ദാക്കാൻ ഗതാഗത മന്ത്രി ഉത്തരവിട്ടു. തുടർന്ന് യൂസഫ് ഓടിച്ചിരുന്ന വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറിയെന്നും ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്ന് വൈകിട്ടോടെയാണ് എറണാകുളം നെടുമ്പാശേരി പറവൂർ റോഡിൽ ചാലാക്കയിൽ അതിക്രൂരമായ സംഭവം അരങ്ങേറിയത്. റോഡിൽ ഉരഞ്ഞ് ശരീരമാസകലം മുറിവേറ്റ നായയെ ദയ ആനിമൽ വെൽഫെയർ അസോസിയേഷൻ ഏറ്റെടുക്കാമെന്നും അറിയിച്ചു.