vaccine

ന്യൂഡൽഹി: രാജ്യത്തെ വാക്‌സിൻ കേന്ദ്രങ്ങളിൽ പ്രതിദിനം കുത്തിവയ്‌പ്പെടുക്കുക നൂറ് പേർക്ക് മാത്രം. ഇതുമായി ബന്ധപ്പെട്ടുള്ള മാർഗരേഖ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറി. വാക്‌സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു.

വാക്‌സിൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും മാർഗരേഖയിൽ കൃത്യമായി പറയുന്നുണ്ട്. ഓരോ കേന്ദ്രത്തിനും മൂന്നുമുറികൾ ഉണ്ടായിരിക്കണം. വാക്‌സിൻ സ്വീകരിക്കാൻ വരുന്നവർക്ക് വേണ്ടിയുള്ള കാത്തിരിപ്പു കേന്ദ്രമാണ് ആദ്യത്തെ മുറി. ഇവിടെ സാമൂഹ്യ അകലം പാലിക്കണം.

രണ്ടാമത്തെ മുറിയിലാണ് കുത്തിവയ്പ്. ഒരു സമയം ഒരാൾക്ക് മാത്രമേ കുത്തിവയ്പ്പെടുക്കാൻ പാടുള്ളൂ. തുടർന്ന് വാക്‌സിൻ സ്വീകരിച്ചയാളെ 30 മിനിറ്റോളം നിരീക്ഷിക്കാനായി മൂന്നാമത്തെ മുറിയിലേക്ക് മാറ്റും. ഈ സമയത്ത് എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ അവരെ ഉടൻ തന്നെ നേരത്തേ സജ്ജമാക്കിയിട്ടുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കും. കമ്മ്യൂണിറ്റി ഹാളുകൾ കൂടാതെ താത്ക്കാലികമായി നിർമ്മിക്കുന്ന ടെന്റുകളിലും വാക്‌സിൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്.