pranab-mukharjee

ന്യൂഡൽഹി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മൻമോഹൻ സിംഗിനുമെന്ന് അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥയിൽ വിമർശനം. ഒന്നാം എൻ ഡി എ സർക്കാരിൽ മോദി സ്വേച്ഛാധിപത്യ ശൈലിയിലാണ് ഭരിച്ചതെന്നും പ്രണബ് മുഖർജി പറയുന്നു. മരണത്തിന് മുമ്പ് പൂർത്തിയാക്കിയ ആത്മകഥയുടെ നാലാം ഭാഗം അടുത്തമാസം പുറത്തിറങ്ങും.

ദി ഇന്ദിര ഗാന്ധി ഇയേഴ്സ്, ദി ടർബുലൻഡ് ഇയേഴ്സ്, ദ കോയിലേഷൻ ഇയേഴ്സ് എന്നിവയാണ് നേരത്തെ പുറത്തിറങ്ങിയ മൂന്നുഭാഗങ്ങൾ. നാലാം ഭാഗം പ്രസിഡൻഷ്യൽ ഇയേഴ്സ് ജനുവുരി ആദ്യം പുറത്തിറങ്ങുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷൻസ് അറിയിച്ചു.

കോൺഗ്രസ് പാർട്ടിയും ഭരണവും ഒരുപോലെ പരാജയപ്പെട്ടെന്ന് പുസ്‌കത്തിലൂടെ പറയുകയാണ് പ്രണബ് മുഖർജി. സോണിയ ഗാന്ധിക്ക് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാനായില്ല. സഖ്യം സംരക്ഷിക്കുന്ന തിരക്കിൽ, മൻമോഹന് ഭരണമികവ് പുറത്തെടുക്കാനായില്ല. പ്രധാനമന്ത്രിയായിരുന്നിട്ടും, എം പിമാരുമായി മൻമോഹൻ സിംഗിന് നല്ല ബന്ധം സ്ഥാപിക്കാനായില്ലെന്നും പ്രണബ് നിരീക്ഷിക്കുന്നു. 2014ൽ താൻ ധനമന്ത്രിയായിരുന്നെങ്കിൽ തിരിച്ചടിയിൽ നിന്ന് പാർട്ടി രക്ഷപ്പെടുമായിരുന്നു എന്ന് നിരീക്ഷിക്കുന്ന കോൺഗ്രസുകാരുണ്ട്. പക്ഷേ, തനിക്ക് ആ അഭിപ്രായമില്ലെന്നും പ്രണബ് ദി പ്രസിഡൻഷ്യൽ ഇയേഴ്സിൽ കുറിച്ചിട്ടുണ്ട്.

മോദിയുടെ സ്വേച്ഛാധിപത്യശൈലി, സർക്കാരും പാർലമെന്റും ജുഡീഷ്യറിയും തമ്മിലുളള ബന്ധം മോശമാക്കിയെന്നാണ് പ്രണബിന്റെ മറ്റൊരു നിരീക്ഷണം. രണ്ടാംമോദി സർക്കാരിൽ സ്ഥിതി മാറുമോ എന്ന് കണ്ടറിയണമെന്ന്, മൺമറയും മുമ്പ് പ്രണബ് മുഖർജി എഴുതി വച്ചിട്ടുണ്ട്. ഇതോടെ പുറത്തിറങ്ങാനിരിക്കുന്ന പുസ്‌തകം പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തുടക്കമിടും എന്ന് ഉറപ്പായിരിക്കുകയാണ്.