
തിരുവനന്തപുരം: കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവർണർ പദവിയെന്നും, കേരള രാഷ്ട്രീയത്തിലേക്ക് ഉടൻ മടങ്ങിവരാനില്ലെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ഗവർണറുടെ പോസ്റ്റ് ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിലൊന്നാണെന്നും, വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഗവർണറുടെ പോസ്റ്റ് ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിലൊന്നാണ്. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയാൻ തയ്യാറാല്ല. എന്റ ഭാഗത്തുനിന്ന് അതിനുള്ള നിഷേധാത്മക സമീപനം ഉണ്ടാകില്ല. തീരുമാനം എടുക്കേണ്ടത് എന്നെ നിയമിച്ചവരാണ്'- ശ്രീധരൻ പിള്ള ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കേരള രാഷ്ട്രീയത്തിലേക്ക് വൈകാതെ തിരിച്ചുവരുമെന്ന രീതിയിലുള്ള വാർത്തകൾ വന്നതിനാലാണ് കുട്ടിക്കളി എന്ന വാക്കുപയോഗിച്ചതെന്നും, അല്ലാതെ ആരെയും ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിക്കളി എന്ന പ്രയോഗം കുമ്മനം രാജശേഖരനെ ഉദ്ദേശിച്ചാണോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.