ravi-sankar-prasad

ന്യൂഡൽഹി: കർഷക സമരം ശക്തമാകുന്നതിനിടെ കാർഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് കാർഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറാണെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ചില ശക്തികൾ കർഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം ഉൾപ്പടെ ചോദ്യം ചെയ്യുന്നവർ കർഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കർഷക സമരം ഇന്ന് പതിനേഴാം ദിവത്തിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബിൽ നിന്ന് കൂടുതൽ കർഷകർ ഇന്ന് അതിർത്തിയിലേക്ക് എത്തും. നൂറ്റിയമ്പതിലധികം വാഹനങ്ങളിലാണ് കർഷകർ ഡൽഹിയിലേക്ക് തിരിച്ചിരിക്കുന്നത്. ഡൽഹിയിലേക്കുളള ജയ്‌പൂർ, ആഗ്ര പാതകൾ കൂടി ഉപരോധിക്കാനുളള സമരം ഇന്ന് മുതൽ തുടങ്ങും. രാജസ്ഥാൻ, ഹരിയാന, യു പി സംസ്ഥാനങ്ങളിൽ നിന്നുളള കർഷകർ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ദേശീയപാതകൾ ലക്ഷ്യം വച്ച് നീങ്ങും. നാളെ ജയ്‌പൂർ, ആഗ്ര പാതകൾ പൂർണമായി അടക്കും. ട്രെയിൻ തടയൽ സമരവും ഇന്ന് മുതൽ തുടങ്ങാനാണ് കർഷകരുടെ തീരുമാനം.

തിങ്കളാഴ്ച ബി ജെ പി ഓഫീസുകളും ടോൾ പ്ലാസകളും ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും. അതേസമയം, കർഷകരാണ് അനുനയ ചർച്ചകളിൽ നിന്ന് പിന്മാറിയതെന്ന കൃഷി മന്ത്രിയുടെ ആരോപണം അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി തളളി.