
തിരുവനന്തപുരം: ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്.
2022ൽ നിർമ്മാണം പൂർത്തിയാക്കി സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ പുതിയ മന്ദിരത്തിൽ സമ്മേളനം നടത്താൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 971 കോടി രൂപ ചെലവിൽ ത്രികോണാകൃതിയിലാണ് സെൻട്രൽ വിസ്‌താ പദ്ധതിയുടെ ഭാഗമായി പുതിയ പാലമെന്റ് സമുച്ചയം ഉയരുക. ടാറ്റാ പ്രോജക്‌ട്സ് ലിമിറ്റഡിനാണ് നിർമ്മാണചുമതല. എന്നാൽ വാസ്‌തുശാസ്ത്ര വിധിപ്രകാരമല്ല പുതിയ പാലമെന്റ് മന്ദിരത്തിന്റെ രൂപകൽപന എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്‌ത വാസ്‌തുവിദ്യാ വിദഗ്‌ദ്ധനും മലയാളിയുമായ ഡോ. മനോജ് എസ് നായർ.
ഭാരതീയ വാസ്‌തുവിദ്യ അനുസരിച്ച് ത്രികോണാകൃതിയിലുള്ള നിർമ്മിതികൾ ഒരു തരത്തിലും നിർമ്മിക്കാൻ പാടില്ല. ബഹുമുഖമായ കോണുകളോടുകൂടിയ വളരെ വികൃതമായ രീതിയിലുള്ള രൂപകൽപനയാണ് പുറത്തുവിട്ടിരിക്കുന്നതെന്നും, ഇത് ഒഴിവാക്കേണ്ടതാണെന്നും ഡോ. മനോജ് വ്യക്തമാക്കുന്നു. നിലവിലെ രൂപകൽപന പുനപരിശോധിച്ച്, ഭാരതത്തിന്റെ വാസ്‌തുശാസ്ത്രപരമായ രീതിയിൽ പാർലമെന്റ് മന്ദിരം പണിയാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന അപേക്ഷയാണ് ഡോ. മനോജിനുള്ളത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് നിരവധി തവണ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇമെയിൽ സന്ദേശം അയച്ചെങ്കിലും പ്രതികരണം ഒന്നുംലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.
വാസ്‌തു ശാസ്തരത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുള്ള മനോജ് എസ് നായർ വാസ്തുശാസ്ത്രത്തെ സംബന്ധിച്ചുള്ള ഏറ്റവും പൗരാണികമായ ഗ്രന്ഥമായ മയമതത്തിന്റെ വിവർത്തകൻ കൂടിയാണ്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ സ്ഥപതി കൂടിയാണ് ഡോ. മനോജ്.
മനോജ് എസ് നായരുടെ വാക്കുകൾ-
'പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം നിർവഹിച്ചു. വളരെ സന്തോഷകരമായ കാര്യം തന്നെയാണത്. എന്നാൽ അതിന്റെ രൂപകൽപന കണ്ടപ്പോൾ വളരെ വേദന തോന്നി. കാരണം, ഭാരതീയമായ കാഴ്‌ചപ്പാടിലുള്ള ഒരു രൂപകൽപനയല്ല അത്. ഭാരതത്തിന്റെ തനതായ വാസ്‌തു ശാസ്ത്രത്തിൽ അധിഷ്‌ഠിതമായ നിർമ്മിതിയായിരിക്കണം ഭരണസിരാകേന്ദ്രം. പുതുതായി നിർമ്മിക്കാൻ പോകുന്ന കെട്ടിട സമുച്ചയം ത്രികോണാകൃതിയിലുള്ളതാണ്. വാസ്‌തുവിദ്യാ പ്രകാരം പറയുകയാണെങ്കിൽ, ത്രികോണാകൃതിയിലുള്ള നിർമ്മിതികൾ ഒരു തരത്തിലും നിർമ്മിക്കാൻ പാടില്ല. വാസ്തുശാസ്ത്രത്തിൽ പറയുന്ന പ്രകാരം, ദിക്ക് അനുസരിച്ചാകണം മനുഷ്യനിർമ്മിതികൾ രൂപകൽപന ചെയ്യേണ്ടതും പ്രാവർത്തികമാക്കേണ്ടതും. അതിനുള്ളിലെ ഓരോ മുറിയും ദിക്ക് അനുസരിച്ച് മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ.
പുറത്തുവിട്ടിട്ടുള്ള പുതിയപാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപന ദിക്ക് അനുസരിച്ചാകാൻ തരമില്ല. മാത്രമല്ല, ബഹുമുഖമായ കോണുകളോടുകൂടിയ വളരെ വികൃതമായ രീതിയിലുള്ള രൂപകൽപനയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് ഒഴിവാക്കേണ്ട ഒന്നാണ്. ഈ രൂപകൽപന പുനപരിശോധിച്ച്, ഭാരതത്തിന്റെ വാസ്‌തുശാസ്ത്രപരമായ രീതിയിൽ പാർലമെന്റ് മന്ദിരം പണിയാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന അപേക്ഷയാണ് എനിക്കുള്ളത്.
നമ്മുടെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങൾ, രാജകൊട്ടാരങ്ങൾ എന്നിവയെല്ലാം വാസ്‌തുവിദ്യയ‌്ക്ക് അനുസൃതമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. എന്നൊക്കെ ഇതിൽ നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടോ, അന്നൊക്കെ ഗുണകരമല്ലാത്ത സ്ഥിതി വിശേഷമാണ് വന്നുചേർന്നത്'.
വിഡിയോയുടെ പൂർണരൂപം കാണാം-