
അമരാവതി: എലൂരു നഗരത്തിലെ അജ്ഞാത രോഗവുമായി ബന്ധപ്പെട്ടുള്ള സ്ഥിതിഗതികൾ വിലയിരുത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി. ഇന്നലെ അമരാവതിയിലെ മെഡിക്കൽ വിദഗ്ദ്ധരുമായി അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ സാഹചര്യം വിലയിരുത്തി.
പ്രദേശത്തെ അറുനൂറിലധികം പേർക്കാണ് അജ്ഞാത രോഗം പിടിപെട്ടത്, ഒരാൾ മരിച്ചു. സമാന ലക്ഷണങ്ങളുള്ള രണ്ട് പേർ ഡിസംബർ പത്തിന് മരണമടഞ്ഞെങ്കിലും, അവർക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം താരതമ്യേന കുറവ് രേഖപ്പെടുത്തി. ഇന്നലെ നാല് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 613 ആയി. ഇതിൽ 13 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ബാക്കിയെല്ലാവരും രോഗമുക്തരായി.
രോഗത്തിന്റെ യഥാർത്ഥ കാരണമെന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഇവർ കഴിച്ച ഭക്ഷണമാവാം രോഗം പിടിപെടാൻ കാരാണമെന്നാണ് വിദഗദ്ധർ സംശയിക്കുന്നത്. എയിംസും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ ടെക്‌നോളജിയും നടത്തിയ പരിശോധനയിൽ രോഗബാധിതരുടെ രക്ത സാമ്പിളുകളിൽ ഈയവും നിക്കലും കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂട്രീഷൻ അരിയിൽ മെർക്കുറിയുടെയും, പച്ചക്കറികളിലെ അമിത അളവിൽ കീടനാശിനികളുടെയും അംശം കണ്ടെത്തി. ഇതിന് പിന്നാലെ ജൈവകൃഷിയെക്കുറിച്ച് പ്രാദേശിക കർഷകരെ ബോധവത്കരിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് അധികൃതർ.