
കോട്ടയം: പാചകവാതകം ചോർന്നതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ വീട്ടമ്മ മരിച്ചു. പൊളളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കോട്ടയം കുടമാളൂർ ഷെയർവില്ലയിൽ വിളക്കുമാടത്ത് ജെസി മാത്യുവാണ് മരിച്ചത്. 60 വയസായിരുന്നു. സി എം എസ് കോളേജ് റിട്ട വൈസ് പ്രിൻസിപ്പൽ ഡോ വൈ മാത്യുവിന്റെ ഭാര്യയാണ് ജെസി.
കഴിഞ്ഞ ഏഴാം തീയതി രാത്രി പതിനൊന്ന് മണിയോടെയാണ് ജെസിക്ക് പൊളളലേറ്റത്. പാചകവാതകം ചോർന്നതറിഞ്ഞ് അടുക്കളയിൽ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുകയായിരുന്നു.
മൃതദേഹം ഇന്ന് ഉച്ചയോടെ വസതിയിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം കോട്ടയം സി എസ് ഐ കത്തീഡ്രൽ ഹാളിൽ കൊണ്ടുവരും. വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്‌കാരം.