
ന്യൂഡൽഹി: അറബിക്കടലിൽ തകർന്നുവീണ മിഗ് 29 കെ വിമാനത്തിലെ പൈലറ്റ് നിഷാന്ത് സിംഗിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംസ്കരചടങ്ങുകൾ നടന്നത്.
പൈലറ്റിന്റെ ഭാര്യ നയാബ് രന്ധവയ്ക്ക് ത്രിവർണ്ണ പതാകയും, ഭർത്താവിന്റെ യൂണിഫോമും സ്‌ക്വാഡ്രണിലെ കമാൻഡിംഗ് ഓഫീസർ നൽകിയതായി അധികൃതർ അറിയിച്ചു. യോഗ്യതയുള്ള ഫ്‌ളൈയിംഗ് ഇൻസ്ട്രക്ടർ ആയിരുന്നു നിഷാന്ത് സിംഗെന്നും, പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും നാവികസേന അനുശോചന കുറിപ്പിൽ അറിയിച്ചു. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഗോവൻ തീരത്തു നിന്നും 30 മൈൽ അകലെ 70 മീറ്റർ ആഴത്തിലായാണ് മൃതദേഹം കണ്ടെത്തിയത്.
നവംബർ 26 നായിരുന്നു മിഗ് 29 കെ അറബിക്കടലിൽ തകർന്ന് വീണത്. ഈ സമയത്ത് വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നു. ഒരാളെ നേരത്തെ രക്ഷിച്ചിരുന്നു. അടുത്തിടെയായിരുന്നു നിഷാന്തിന്റെ വിവാഹം. വിവാഹം കഴിക്കാനായി കമാൻഡിംഗ് ഓഫീസറുടെ അനുമതി തേടി അദ്ദേഹം എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.