mine

അച്ഛനമ്മമാർക്ക് കുഞ്ഞുങ്ങൾ വിലമതിക്കാനാവാത്ത നിധിയാണ്. തങ്ങളുടെ ചെറുപ്പക്കാലത്തെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കറുത്ത നിഴലുകൾ തങ്ങളുടെ പിഞ്ചോമനകളുടെ ജീവിതത്തിലുണ്ടാകരുതെന്നാണ് അവരുടെ ആഗ്രഹം. എന്നാൽ നിവൃത്തികേടിന്റെ അങ്ങേയറ്റത്ത് ജീവിക്കുന്ന ഒരു വിഭാഗം മാതാപിതാക്കളുടെ നമ്മുടെ ഇന്ത്യയിൽ.

ഏത് നിമിഷവും മരണമോ ഗുരുതര പരിക്കോ ഏൽക്കാവുന്ന സാഹചര്യങ്ങളിൽ പകലന്തിയോളം വിയർപ്പൊഴുക്കുന്ന അഞ്ചു വയസ് മുതലുള്ള ഭാഗ്യഹീനരായ കുരുന്നുകളുമുണ്ട് നമ്മുടെ കൺമുന്നിൽ. കുട്ടികൾ മുറ്റത്തൊന്ന് ഓടിക്കളിച്ചാൽ ' ഓടരുതേ വീഴും' എന്ന് അലമുറയിടുന്ന നമുക്ക് ചിന്തിക്കാൻ കഴിയുന്നതല്ല ജാർഖണ്ഡിലെയും ബീഹാറിലെയും അനധികൃത മൈക്കാ ഖനികളിൽ ജീവൻ പണയം വെച്ച് അന്നത്തിന് വക കണ്ടെത്തുന്ന ആയിരക്കണക്കിന് കുരുന്നുകളുടെ ജീവിതാവസ്ഥ. ബാലവേല നിരോധിച്ച രാജ്യത്താണ് പട്ടിണിയകറ്റാനായി എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾ ഖനികളിൽ ജോലിചെയ്യുന്നത്.

സൗന്ദര്യവർദ്ധക വസ്തുക്കൾക്ക്

പിന്നിലെ കരയുന്ന കണ്ണുകൾ

തണുപ്പ് കാലത്തൊന്ന്, മഴക്കാലത്തൊന്ന്, വെയിലേറ്റ് കരുവാളിക്കാതിരിക്കാൻ മറ്റൊന്ന്... ചുണ്ടിനൊന്ന്, ത്വക്കിനൊന്ന്, മുഖത്ത് വേറൊന്ന്... തലങ്ങും വിലങ്ങും ക്രീമുകൾ പുരട്ടുന്നവരാണ് പുതുതലമുറയിലെ ആണും പെണ്ണും. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ കനത്ത വിലകൊടുത്ത് നമ്മൾ ഉപയോഗിക്കുന്ന ഈ ക്രീമുകളുടെ ഉത്പാദനത്തിൽ പിന്നിൽ കണ്ണീർ തോരാത്ത ബാല്യങ്ങളുടെ കഥയുണ്ടെന്ന് പലർക്കും അറിയില്ല. ആയിരക്കണക്കിന് കുരുന്നുകൾ ജീവൻ പണയം വച്ച് ജോലി ചെയ്യുന്നത് കൊണ്ടാണ് ഇവയിൽ പലതും വിപണിയിലെത്തുന്നതെന്നും ശ്രദ്ധിക്കപ്പെടാതെ പോവുന്ന സത്യങ്ങളിലൊന്നാണ്.

പൊട്ടാസ്യം അലുമിനിയം സിലിക്കേറ്റ് എന്ന മൈക്കയാണ് എല്ലാ സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും ടൂത്ത്‌പേസ്റ്റിന്റെയും ഒക്കെ പ്രധാന ചേരുവ. ലോകവിപണിയിലെ 60 ശതമാനം മൈക്കയും ഇന്ത്യയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. ഇന്ത്യയിൽ മൈക്കയുടെ സാന്നിധ്യം നൂറ്റാണ്ടുകൾക്ക് മുമ്പെ കണ്ടെത്തിയിരുന്നു. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകി ബ്രിട്ടീഷുകാർ രാജ്യം വിടുമ്പോൾ തന്നെ 700 ഓളം ഖനികളിലായി 20,000 തൊഴിലാളികൾ ഉണ്ടായിരുന്നു. നമ്മുടെ മൈക്ക ആദ്യം ചൈനയിലേക്കും അവിടെ സംസ്‌കരിച്ച ശേഷം ലോക ബ്രാൻഡുകളിലേക്കും എത്തുന്നു.

ബാലവേലയും ചൂഷണവും

ദാരിദ്ര്യവും മറ്റ് തൊഴിൽ മേഖലകളുടെ അഭാവവും ആണ് ചെറിയ വേതനത്തിനായി അപകടകരവും കഠിനവുമായ ഈ തൊഴിൽ ചെയ്യാൻ ജാർഖണ്ഡിലെയും ബീഹാറിലെയും ആയിരങ്ങളെ നിർബന്ധിതരാക്കുന്നത്. എല്ലാ വികസ്വര, അവികസിത രാജ്യങ്ങളിലെയും പോലെ ഇവിടെയും ഇടനിലക്കാർ മുതൽ മുകളിലേക്കുള്ള വിതരണ ശൃംഖലയിലെ കണ്ണികൾ ഇവരെ ചൂഷണം ചെയ്യുന്നു. ഇടുങ്ങിയ തുരങ്കങ്ങളിൽ ജോലി ചെയ്യാനുള്ള ശാരീരിക സൗകര്യം കൂടിയാണ് കുട്ടികളെ ഈ ജോലിക്ക് കൂടുതൽ ഉപയോഗിക്കാനുള്ള കാരണം.

'കുടുംബത്തിലെ എല്ലാവരും മൈക്ക ഖനികളിലാണ് ജോലി ചെയ്യുന്നത്. കുട്ടികളെ ഒഴിവാക്കുന്നതെങ്ങനെ ?​ ചെറിയ തുരങ്കങ്ങളിൽ നൂണ്ടു കയറി മൈക്ക കഷണങ്ങൾ പെറുക്കിയെടുക്കാൻ കുട്ടികൾക്കേ കഴിയൂ. അതാണ് ഉപയോഗപ്പെടുത്തുന്നത്. '-മൈക്ക മാഫിയയുടെ ബന്ധപ്പെട്ട ഇടനിലക്കാരൻ പറയുന്നു.

ജീവൻ പണയം വച്ച് പകലന്തിയോളം പണിയെടുത്താൽ കിട്ടുന്നത് മുപ്പതോ നാൽപതോ രൂപയാണ്! ആറിനും പതിന്നാലിനും ഇടയിൽ പ്രായമുള്ള 5000ത്തോളം കുട്ടികളാണ് ജാർഖണ്ഡിലും ബീഹാറിലും മൈക്ക ഖനികളിൽ ജോലി ചെയ്യുന്നതെന്നാണ് വിവരം. ഇവരിൽ 98 ശതമാനവും സ്കൂളുകളിൽ പോയിട്ടില്ലെന്നും നാഷണൽ കമ്മിഷൻ പ്രൊട്ടക്ഷൻ ഫോർ ചൈൽഡ് റൈറ്റസ് പറയുന്നു.

അപകടങ്ങൾ
കൃത്യമായ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും എല്ലാ മാസവും പത്തിലധികം കുട്ടികൾ മരണപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പല അന്വേഷണങ്ങളും വെളിപ്പെടുത്തുന്നത്. ഗുരുതര പരിക്കുകൾ പറ്റുന്നതും അനവധിയാണ്. ഇടനിലക്കാർ കൊടുക്കുന്ന ചെറിയ തുകയാണ് നഷ്ടപരിഹാരമായി കുടുംബങ്ങൾക്ക് ലഭിക്കുക.

മേക്കപ്പ് വ്യവസായത്തിന്

പിന്നിലെ കറുത്ത ഏട്

വിപണി മൈക്കയുടെ ആവശ്യകതയും ലഭ്യതയിലെ ചെലവ് കുറവും ലോക ബ്രാൻഡുകൾക്ക് ഇൻഡ്യൻ മൈക്കയോടുള്ള താത്പര്യം നിലനിറുത്തുന്നു. 1980ൽ ഖനനം നിരോധിക്കപ്പെട്ടതാണെന്നും ബാലവേല വലിയ തോതിൽ നിലനില്‌ക്കുന്നുവെന്നും തിരിച്ചറിഞ്ഞിട്ടും പിന്മാറാൻ പല കമ്പനികൾക്കും മടിക്കുന്നത് അതുകൊണ്ടാണ്. എന്നാൽ ഖനനം ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു സമൂഹത്തിന്റെ നിലനില്പാണ് ഒരു പ്രധാന കാരണമായി പല ഭീമൻ ബ്രാൻഡുകളും പറയുന്നത്. ബദൽ തൊഴിൽ മേഖലകൾ സൃഷ്ടിക്കാതെ ഇവരെ കൈവിടാൻ കഴിയില്ലെന്നാണ് ഇവരുടെ പക്ഷം.


കൂട്ടായ്മ
ഇൻഡ്യൻ ഖനി തൊഴിലാളികളുടെ തൊഴിൽ , ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗന്ദര്യ വർദ്ധക ബ്രാൻഡുകളുടെ ഒരു കൂട്ടായ്മ രൂപീകരീച്ചിട്ടുണ്ട്. 2022 ഓടെ വലിയ മാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.

കൈലാസ് സത്യാർത്ഥി
നൊബേൽ പുരസ്കാര ജേതാവ് കൈലാസ് സത്യാർത്ഥിയുടെ 'ബച്പൻ ബചാവോ ആന്ദോളൻ ' പ്രവർത്തനങ്ങൾ ഖനി മേഖലകളിൽ ആശാവഹമായ മുന്നേറ്റങ്ങൾ നടത്തുന്നു എന്നത് പ്രതീക്ഷയുണർത്തുന്നു. സത്യാർത്ഥി ഫൗണ്ടേഷൻ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് രക്ഷിച്ച 80,000 കുട്ടികളിൽ 3000 ത്തോളം കുട്ടികൾ ഖനികളിൽ നിന്നായിരുന്നു.