sivsankar

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള‌ളപ്പണ ഇടപാടിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കും മുൻപ് കൂടുതൽ കുരുക്കിടാൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ്. ഒക്‌ടോബർ 28ന് അറസ്‌റ്റിലായ ശിവശങ്കറിന് 60 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാനായി ഡിസംബർ 24 മുൻപ് ഒരു അനുബന്ധ കു‌റ്റപത്രം കൂടി നൽകാനാണ് ഇ.ഡിയുടെ ശ്രമം.

എം.ശിവശങ്കറിനെതിരെ കള‌ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്‌താൽ ലഭിക്കുമെന്നാണ് ഇ.ഡിയുടെ അനുമാനം. ഇതിനായി ഇവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ.ഡി അപേക്ഷ നൽകിയിരുന്നു. മൂന്ന് ദിവസത്തേക്ക് ഇവരെ വിട്ടുകിട്ടണമെന്നാണ് അപേക്ഷയിലുള‌ളത്. തിങ്കളാഴ്‌ചയാണ് കോടതി ഈ അപേക്ഷ പരിഗണിക്കുക.

ഇങ്ങനെ ചോദ്യം ചെയ്യുമ്പോൾ ശിവശങ്കറിനെതിരെ ലഭിക്കുന്ന വിവരങ്ങൾ ചേർത്താകും ശിവശങ്കറിനെതിരെ കു‌റ്റപത്രം തയ്യാറാക്കുക. ഇ.ഡി മുൻപ് സ്വപ്‌നയ്‌ക്കും സരിത്തിനുമെതിരായ ആദ്യഘട്ട കു‌റ്റപത്രം കോടതിയിൽ നൽകിയിരുന്നു. ഇതിനുപുറമെയാണ് ശിവശങ്കറിനെതിരായ കു‌റ്റപത്രം സമർപ്പിക്കുക.