mani-c-kappan-

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻ സി പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടുവെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ എം എൽ എ. ഇതിൽ തങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാലായിൽ ഒമ്പത് പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലീഡ് ലഭിച്ചിരുന്നു. അവിടെ ഇത്തവണ രണ്ട് സീറ്റ് മാത്രമാണ് നൽകിയത്. കടുത്ത അവഗണനയാണിത്‌. സംസ്ഥാനത്തുടനീളം നാന്നൂറോളം സീറ്റുകളിൽ മത്സരിച്ച എൻ സി പിക്ക് ഇത്തവണ 165 സീറ്റുകൾ മാത്രമാണ് നൽകിയതെന്നും മാണി സി കാപ്പൻ പറഞ്ഞു.

മുന്നണി മര്യാദയുടെ പേരിൽ തിരഞ്ഞെടുപ്പിന് മുമ്പ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്‌തിട്ടില്ല. എൻ സി പിയോട് എൽ ഡി എഫ് നീതി പുലർത്തിയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

ജോസ് കെ മാണിയുടെ ഇടതുപക്ഷത്തേക്കുളള വരവോടെ തന്നെ കടുത്ത എതിർപ്പിലായിരുന്നു എൻ സി പി നേതൃത്വം. വലിയ വിട്ടുവീഴ്‌ചയായിരുന്നു ഇത്തവണ എൻ സി പി സീറ്റ് വീഭജനത്തിൽ പലയിടത്തം ചെയ്യേണ്ടി വന്നത്. കോട്ടയം ജില്ലയിൽ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എൻ സി പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു. ഇത്തരം അവഗണനകളാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് വഴിവച്ചത്.

അതേസമയം, എൻ സി പിയെ അവഗണിച്ചെന്ന വാദം തളളി സി പി എം രംഗത്തെത്തി. പാലായിൽ എൻ സി പിക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും കേരള കോൺ​ഗ്രസിന്റെ വരവോടെ ഇടതുമുന്നണിയിലെ എല്ലാ കക്ഷികൾക്കും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നെന്നും സി പി എം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു.