
ലക്‌നൗ: പങ്കാളി നഷ്ടപ്പെട്ട അച്ഛൻ അല്ലെങ്കിൽ അമ്മ ജീവിതത്തിൽ ഒറ്റയ്ക്കാവരുതെന്ന് കരുതി അവരെക്കൊണ്ട് വീണ്ടും വിവാഹം കഴിപ്പിച്ച ഒരുപാട് മക്കളുണ്ട്. അത്തരത്തിലൊരു വിവാഹമാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ നടന്നത്. വിവാഹത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
അമ്പത്തിമൂന്നുകാരിയായ ബലി ദേവിയും ഇരുപത്തിയേഴുകാരിയായ മകൾ ഇന്ദുവും ഒന്നിച്ചാണ് വിവാഹിതരായത്. പിപ്രൗലി ബ്ലോക്കിൽ നടന്ന സമൂഹ വിവാഹത്തിലാണ് ഇരുവരും വിവാഹിതരായത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇന്ദുവിന്റെ അച്ഛൻ മരണപ്പെട്ടത്. ബലി ദേവി വിവാഹം ചെയ്തതിലും ഒരു ട്വിസ്റ്റുണ്ട്.
ഭർത്താവിന്റെ ഇളയ സഹോദരനായ അമ്പത്തിയഞ്ചുകാരൻ ജഗദീഷിനെയാണ് ബലീ ദേവി ജീവിത പങ്കാളിയാക്കിയത്. ഭർത്താവിന്റെ മരണശേഷം ജഗദീഷിന്റെ സഹായത്തോടെയാണ് തന്റെ അഞ്ച് മക്കളെയും ബലീദേവി വളർത്തിയത്. തങ്ങളെ ഇത്രയും കാലം പൊന്നുപോലെ നോക്കിയവർ ഒന്നിക്കുന്നതിൽ മക്കൾക്കും പൂർണസമ്മതമാണ്. ബലിദേവിയുടെ നാല് മക്കൾ നേരത്തേ വിവാഹിതരായിരുന്നു.