samsung

ന്യൂഡൽഹി: ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്‌സ് ഭീമനായ സാംസങ്. ഉത്തർപ്രദേശിലെ നോയിഡയിൽ മൊബൈൽ,ഐ.ടി ഡിസ്‌പ്ളേ നിർമ്മാണ യൂണി‌റ്റ് ആരംഭിക്കാനാണ് കമ്പനിയടെ പദ്ധതി. ചൈനയിലെ തങ്ങളുടെ നിർമ്മാണശാലയാണ് ഇന്ത്യയിലേക്ക് മാ‌റ്റുന്നതെന്ന് സാംസങ് അധികൃതർ പറഞ്ഞതായി യു.പി സർക്കാർ വക്താവ് വെളിപ്പെടുത്തി. യൂണി‌റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാസങിന് പ്രത്യേക പ്രോത്സാഹനം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പറഞ്ഞു. രാജ്യത്തെ സാംസങിന്റെ ആദ്യ ഹൈടെക് പ്രൊജക്‌ടാവുമിത്. ലോകത്ത് മൂന്നാമത്തെതും.

510 പേർക്ക് നേരിട്ടും മ‌റ്റനേകം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കാൻ സാംസങ് നിർമ്മാണയൂണി‌റ്റിലൂടെ സാധിക്കും. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത ഒരു മൊബൈൽ നിർമ്മാണയൂണി‌റ്റ് സാംസങിന് ഉത്തർപ്രദേശിലുണ്ട്. സംസ്ഥാനത്തിലെ ഇലക്‌ട്രോണിക്‌സ് നിർമ്മാണ പോളിസി പ്രകാരം സാംസങിന് ഭൂമി കൈമാറുന്നതിലെ സ്‌റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് ലഭിക്കും. അഞ്ച് വർഷത്തേക്ക് 250 കോടിയുടെ സാമ്പത്തിക വ്യവസ്ഥ കമ്പനിക്കായി സംസ്ഥാന സർക്കാർ തയ്യാറാക്കും. കേന്ദ്ര സർക്കാർ സ്‌കീം പ്രകാരം 460 കോടി രൂപയുടെ സാമ്പത്തിക സഹായവും കമ്പനിക്ക് ലഭിക്കും.