everest

ഉയരത്തിന്റെ കാര്യത്തിൽ സ്വന്തം റെക്കോർഡാണ് എവറസ്റ്റ് വീണ്ടും തിരുത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ പൊക്കം 8848.86 മീറ്ററാണെന്നു നേപ്പാളും ചൈനയും സംയുക്തമായി പ്രഖ്യാപിച്ചു. 1954ൽ ഇന്ത്യ അളന്നു തിട്ടപ്പെടുത്തിയതിനേക്കാൾ 0.86 മീറ്റർ അഥവാ 86 സെന്റിമീറ്റർ കൂടുതലാണ് ഇപ്പോഴത്തെ കണക്ക്.

1954ൽ സർവേ ഒഫ് ഇന്ത്യ നടത്തിയ അളവെടുക്കൽ പ്രകാരം 8848 മീറ്റർ ആയിരുന്നു എവറസ്റ്റിന്റെ ഉയരം.

എവറസ്റ്റിന്റെ കൃത്യമായ ഉയരം നിർണയിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചിരുന്നു. നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ്കുമാർ ഗ്യാവലി, ലാൻഡ് മാനേജ്മെന്റ് മന്ത്രി പദ്മ കുമാരി ആര്യാൽ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തുടങ്ങിയവരാണ് വിർച്വൽ ചടങ്ങിൽ എവറസ്റ്റിന്റെ പുതിയ ഉയരം പ്രഖ്യാപിച്ചത്. 2015ലെ ഭൂമികുലുക്കത്തിനു ശേഷം ഉയരത്തിൽ വ്യത്യാസമുണ്ടായെന്ന അഭ്യൂഹങ്ങളെ തുടർന്ന് 2017ലാണ് നേപ്പാൾ എവറസ്റ്റിന്റെ അളവെടുക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷമാണ് അളവെടുപ്പ് അവസാനിച്ചത്.

പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു

പാർലമെന്റ് വളപ്പിൽ പുതിയ മന്ദിരത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പഴയ മന്ദിരത്തിന് സമീപത്തായി സജ്ജീകരിച്ച വേദിയിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും നടത്തിയത്.

സുപ്രീംകോടതി ഉത്തരവുള്ളതിനാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കില്ല. പുതിയ പാർലമെന്റ് മന്ദിരം അടക്കമുള്ള സെൻട്രൽ വിസ്‌താ പദ്ധതിക്കെതിരെ നൽകിയ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിലാണിത്. അതുവരെ പാർലമെന്റ് വളപ്പിലെ മരങ്ങൾ മുറിക്കരുതെന്നും കെട്ടിടങ്ങളും മറ്റും പൊളിക്കരുതെും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ 21-ാം നൂറ്റാണ്ടിലെ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റാൻ ഇന്ത്യയ്‌ക്ക് പുതിയ പാർലമെന്റ് മന്ദിരം പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

10 ആകാശ് മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യ

നിയന്ത്രണ രേഖയിൽ ചൈനയുടെ ഭീഷണി നിലനിൽക്കെ തദ്ദേശീയമായി നിർമിച്ച മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ആകാശ് വ്യോമ പ്രതിരോധ മിസൈലുകളാണ് പരീക്ഷിച്ചത്. ഏത് ആക്രമണവും തടയാനാകുന്ന പത്തോളം ആകാശ് മിസൈലുകളാണ് പരീക്ഷിച്ചത്. ആന്ധ്രപ്രദേശിലെ സൂര്യലങ്ക ടെസ്റ്റ്ഫയറിംഗ് റേഞ്ചിലായിരുന്നു കഴിഞ്ഞയാഴ്ചത്തെ പരീക്ഷണങ്ങൾ. നേരിട്ടു തൊടുത്തപ്പോൾ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. ആകാശ് മിസൈലുകൾക്കൊപ്പം ഇഗ്ല മിസൈലുകളും പരീക്ഷിച്ചു. ഈ രണ്ടു മിസൈലുകളും നിലവിൽ കിഴക്കൻ ലഡാക്കിലും വിന്യസിച്ചിട്ടുണ്ട്. ആകാശ് മിസൈലുകൾ അടുത്തിടെ പരിഷ്‌കരിച്ചവയാണ്. ഉയരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങൾ ഭേദിക്കാവുന്ന തരത്തിൽ ആകാശ് മിസൈലുകളെ പരിഷ്‌കരിക്കാനുള്ള ഗവേഷണങ്ങൾ ഡി.ആർ.ഡി.ഒ നടത്തിവരികയാണ്. സംഘർഷ സാഹചര്യം പരിഗണിച്ച് കൂടുതൽ ഫലപ്രദമായവ മിസൈൽ സംവിധാനത്തിൽ കൊണ്ടുവരാനും ഡി.ആർ.ഡി.ഒ ശ്രമിക്കുന്നുണ്ട്.

ഏഴു സ്‌ക്വാഡ്രൺ മിസൈൽ സംവിധാനങ്ങൾ സ്ഥാപിക്കാൻ വ്യോമസേനയ്ക്ക് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി 5500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാക്, ചൈനാ അതിർത്തിയിൽ ഇത്തരം മൂന്നു മിസൈൽ സംവിധാനങ്ങളാണ് വിന്യസിക്കുക.

കർണാടകയിൽ പശുവിനെ കൊന്നാൽ 7 വ‌ർഷം തടവ്

കർണാടക നിയമസഭ ഗോവധ നിരോധന ബിൽ കഴിഞ്ഞയാഴ്ച പാസാക്കി. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. കാലികളെ കശാപ്പു ചെയ്യുന്നവർക്ക് 50,000 മുതൽ 5 ലക്ഷം രൂപ വരെ പിഴയും മൂന്നു മുതൽ 7 വർഷം വരെ തടവും ശിക്ഷ നൽകുന്നതാണ് നിയമം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഒപ്പുവച്ചാൽ നിയമമാകും. ഇതോടെ സംസ്ഥാനത്ത് പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കൊല്ലുന്നത് നിയമവിരുദ്ധമാകും. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ, വസ്തുക്കൾ, സ്ഥലം, വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാനും നിയമംമൂലം സർക്കാരിന് കഴിയും. സംശയകരമായി തോന്നുന്ന കന്നുകാലി വളർത്തൽ കേന്ദ്രങ്ങളിൽ എസ്‌.ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കുന്നു.