suresh-gopi

കോഴിക്കോട്: ലോകമാകെ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ ശിഷ്യനും പടയാളിയുമാണ് താനെന്ന് അഭിപ്രായപ്പെട്ട് സുരേഷ് ഗോപി എം.പി. താൻ ഒരു ബിജെപി പ്രവർത്തകനാണ്. തന്നെ സംഘിയെന്നോ ചാണകസംഘിയെന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു. 'ശ്രീനാരായണഗുരുവിന്റെ ചെമ്പഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. അതൊന്ന് പോയി നോക്കണം. അവിടെ ചാണകം കൊണ്ടാണ് തറ മെഴുകിയിരിക്കുന്നത്. അതിന് നല്ല ഉറപ്പുണ്ട്. അതാണ് നമ്മൾ. അല്ലാതെ വേറെ ചിലരെപ്പോലെ മ‌റ്റ് പലതുമല്ല തറയിൽ മെഴുകിയത്' കോഴിക്കോട് നടന്ന ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞു.

ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിൽ വന്നുനോക്കിയാൽ ഒരു സിനിമാക്കാരനായ, കെട്ടിയിറക്കിയ എം.പി എന്ത് ചെയ്‌തുവെന്ന് വിമർശിക്കുന്നവർക്ക് മനസിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രത്തിലെ അഴിമതിരഹിത ഭരണം ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുകയാണെന്നും കേരളത്തിൽ ഒരായിരം പഞ്ചായത്തുകൾ തന്നാൽ എന്താണ് ഭരണമെന്ന് കാണിച്ചുതരാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 48 വർഷമായി ഇടതന്മാർ ഭരിക്കുന്ന നഗരമാണ് കോഴിക്കോട്. നന്മയുടെ നഗരം എന്നാണ് എസ്.കെ പൊ‌റ്റെക്കാട് കോഴിക്കോടിനെ വിശേഷിപ്പിച്ചത്. ആ നഗരത്തിൽ കുടിവെള‌ളം കിട്ടാനില്ലെന്ന് മഹാനായ എം.ടി വാസുദേവൻ നായരാണ് പറഞ്ഞത്. സംഘി എം.പിയുടെ പദ്ധതി നടപ്പാക്കേണ്ട എന്ന നിഷേധ രാഷ്‌ട്രീയമാണ് ഇവിടെ നടക്കുന്നത്. സുരേഷ് ഗോപി വിമർശിച്ചു. ഇതിനെതിരെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

പേരാമ്പ്രയിൽ ഒരു പട്ടികജാതി കോളനിയിലേക്ക് റോഡ് ഉണ്ടാക്കാനായി മൂന്ന് വർഷമായി താൻ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് ബിജെപിയാണ് ഭരിച്ചിരുന്നതെങ്കിൽ അവിടെ മുൻപ് തന്നെ റോ‌ഡ് വന്നേനെയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് വരെ തന്റെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയാണ് ഇവിടുത്തെ നികൃഷ്‌ട രാഷ്‌ട്രീയക്കാർക്കെന്നും സുരേഷ് ഗോപി വിമർശിച്ചു. കല്ലായിയിലെ മരവ്യവസായം പുനരുജ്ജീവിപ്പിക്കണമെന്നും കോഴിക്കോട് 55 പേരെ തന്നാലോ 45 പേരെ തന്നാലോ 40 പേരെ തന്നാലോ എന്താണ് ഭരണമെന്ന് കാണിച്ചുതരാമെന്നും കോഴിക്കോട് കോർപ്പറേഷനിൽ താമരക്കുട്ടന്മാർ നിറയണമെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.