chithra
chithra

ചെന്നൈ: തമിഴിലെ പ്രമുഖ സീരിയൽ നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ മരണം മാനസിക സമ്മർദ്ദത്താലുള്ള ആത്മഹത്യയാകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

സീരിയലിൽ നടൻമാരുമായി ഇഴുകി ചേർന്ന് അഭിനയിക്കുന്നതിനെച്ചൊല്ലി പ്രതിശ്രുത വരൻ ഹേംനാഥ് ചിത്രയുമായി വഴക്കിട്ടിരുന്നതായി അന്വേഷണ മേൽനോട്ടം വഹിക്കുന്ന ചെന്നൈ അമ്പട്ടൂർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ദീപാ സത്യൻ 'കേരളകൗമുദി"യോട് പറഞ്ഞു. പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പോപ്പുലർ തമിഴ് സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു ചിത്ര.

സീരിയലിൽ അഭിനയിക്കുമ്പോൾ ഇത്തരം നിബന്ധനകൾ വയ്ക്കാനാവില്ലെന്ന് ചിത്ര പറഞ്ഞപ്പോൾ വിവാഹം വരെ അത്തരം റോളുകളിൽ നിന്ന് മാറിനിൽക്കണമെന്ന് ഹേം നാഥ് ആവശ്യപ്പെട്ടത്രെ. അമ്മ വിജയയിൽ നിന്നും ചിത്രയ്ക്ക് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു.

ഹേംനാഥ് ഷൂട്ടിംഗ് സെറ്റുകളിൽ ചെന്ന് മദ്യപിച്ച് ബഹളം വച്ച സംഭവം ഉണ്ടായപ്പോൾ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ അമ്മ ആവശ്യപ്പെട്ടിരുന്നു.

ഹോട്ടൽ മുറിയിൽ പാതിരാത്രിയിൽ തൂങ്ങിമരിച്ച നിലയിലാണ് ചിത്രയെ കണ്ടത്. രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് ഒരുമണിയ്ക്കാണ് ഹോട്ടൽ മുറിയിലെത്തിയത്. ഒപ്പമുണ്ടായിരുന്ന ഹേം നാഥിനെ മുറിക്കു പുറത്താക്കിയ ശേഷമായിരുന്നു ചിത്ര ജീവനൊടുക്കിയത്. ഹേം നാഥിനെ കഴിഞ്ഞ ദിവസം മൂന്നു മണിക്കൂർ ദീപാ സത്യൻ ചോദ്യം ചെയ്തിരുന്നു.

വലിയ സാമ്പത്തിക ക്ളേശങ്ങളും ചിത്രയെ അലട്ടിയിരുന്നതായി ഡി.സി.പി പറഞ്ഞു. വായ്പയെടുത്ത് 1.30 കോടിയുടെ വില്ലയും മുന്തിയ കാറും വാങ്ങിയിരുന്നു.കൊവിഡ് മൂലം കോമ്പിയറിംഗ് പരിപാടികൾ മുടങ്ങിയതോടെ വായ്പ തിരിച്ചടയ്ക്കാൻ പ്രയാസമായിരുന്നു.

ഹേംനാഥിന്റെയും ചിത്രയുടെയും ബന്ധുക്കളെയും ഹോട്ടൽ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

പാണ്ഡ്യൻ സ്റ്റോഴ്സ് സീരിയലിന്റെ പ്രവർത്തകരെ ഇനി ചോദ്യം ചെയ്യും. ഒക്ടോബറിലായിരുന്നു ചിത്രയും ഹേംനാഥും തമ്മിലുള്ള എൻഗേജ്മെന്റ് .വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. വരുന്ന ഫെബ്രുവരിയിൽ വിവാഹ ചടങ്ങും സ്വീകരണവും നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.