maneka-gandhi

ന്യൂഡൽഹി: വളർത്തുനായയെ ഉപേക്ഷിക്കാനായി കാറിന് പിറകിൽ കെട്ടി അര കിലോമീറ്ററോളം വലിച്ചിഴച്ച കേസിൽ ഇടപെട്ട് ബി ജെ പി നേതാവ് മനേക ഗാന്ധി. ഡി ജി പിയെയും ആലുവ റൂറൽ എസ് പിയേയും ഫോണിൽ വിളിച്ച് മനേക ഗാന്ധി വിവരങ്ങൾ തേടി. പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഹൈക്കോടതിയിലെ അഭിഭാഷകനായ ബി എസ് മൻസൂറാണ് സംഭവം മനേക ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രതിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങളും മനേക ചോദിച്ചറിച്ചു. ഇത്തരം ക്രൂരതകൾക്ക് എതിരെ കേരളത്തിലെ ജനങ്ങൾ രംഗത്തിറങ്ങണമെന്നും അവർ ആഹ്വാനം ചെയ്‌തു.

മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തണമെന്നും അതിന് ആവശ്യമായ സഹായം നൽകാമെന്നും മനേക അധികൃതരെ അറിയിച്ചിട്ടുണ്ട്. നായയെ കാറിൽ കെട്ടി വലിച്ചിഴച്ചത് കാറിന് പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നെടുമ്പാശേരി സ്വദേശി അഖിലാണ് തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.

റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർ‌ന്നും പോയിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ കുത്തുകര ചാലാക്ക സ്വദേശി യൂസഫിനെ (62) പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടിരുന്നു. നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതിനെ തുടർന്ന് കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും ഇയാൾ സമ്മതിച്ചു.