
ദുബായ്: കാശ്‌മീരിൽ നിന്നുള്ള കാർഷികോത്പന്നങ്ങൾ സംഭരിക്കാനായി ശ്രീനഗറിൽ ലുലു ഗ്രൂപ്പ് അത്യാധുനിക ഭക്ഷ്യസംസ്‌കരണ കേന്ദ്രം തുറക്കും. 60 കോടി രൂപയാണ് ആദ്യഘട്ട നിക്ഷേപം. 300 ഓളം കാശ്‌മീരി യുവാക്കൾക്ക് ഇവിടെ തൊഴിൽ ലഭിക്കും. ലുലുവിന്റെ പ്രാദേശിക കാര്യാലയവും ശ്രീനഗറിൽ തുറക്കും.
സി.ഐ.ഐ., ഇൻവെസ്‌റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച യു.എ.ഇ-ഇന്ത്യ ഭക്ഷ്യസുരക്ഷാ ഉച്ചകോടിയിൽ ജമ്മു കാശ്മീർ കാർഷികോത്പാദന പ്രിൻസിപ്പൽ സെക്രട്ടറി നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇക്കാര്യം പറഞ്ഞത്.
2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനവേളയിൽ നൽകിയ നിക്ഷേപവാഗ്‌ദാനം പാലിച്ച്, ജമ്മു കാശ്‌മീരിൽ നിന്ന് പഴങ്ങളും കാർഷികോത്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി പറഞ്ഞു. നിലവിൽ ആപ്പിൾ, കുങ്കുമപ്പൂവ് എന്നിവ കാശ്‌മീരിൽ നിന്ന് ലുലു ഇറക്കുമതി ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് കാശ്‌മീരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് 400 ടൺ ആപ്പിൾ ഇറക്കുമതി ചെയ്‌തു.
വരുംവർഷങ്ങളിൽ ഇറക്കുമതി വൻതോതിൽ ഉയർത്തും. പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതോടെ, കാശ്മീരി ഉത്പന്നങ്ങൾക്ക് ഗൾഫിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കുമെന്നും എം.എ. യൂസഫലി പറഞ്ഞു. കാശ്‌മീരി പ്രതിനിധിസംഘം ദുബായിലെ വിവിധ ലുലു ഹൈപ്പർമാർക്കറ്റുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു.
കാർഷികോത്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ കാശ്‌മീരിലെ ഫ്രൂട്ട് മാസ്‌റ്റർ അഗ്രോ ഫ്രഷ് സി.ഇ.ഒ ഇഹ്സാൻ ജാവീദും ലുലു ഗ്രൂപ്പ് ഡയറക്‌ടർ എം.എ. സലിമും ഒപ്പുവച്ചു. ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരി സന്നിഹിതനായിരുന്നു.
ജമ്മു കാശ്മീർ കാർഷികോത്പാദന അഡിഷണൽ സെക്രട്ടറി ജഹാംഗീർ ഹാഷ്‌മി, ദുബായ് ഇന്ത്യൻ കോൺസുൽ കൊമേഴ്‌സ്യൽ കോൺസുൽ നീലു വോറ, ലുലു സി.ഒ.ഒ വി.ഐ. സലിം, ലുലു ഇന്ത്യ ഒമാൻ ഡയറക്‌ടർ എ.വി. ആനന്ദ് എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.